മലയാള സിനിമയിലെ പുതു തലമുറ താരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ. യുവ നടൻ ഷെയിന്‍ നിഗത്തിന് നേരെ നിര്‍മാതാക്കളുടെ സംഘടനയുടെ സിനിമയിൽ നിന്നും ബഹിഷ്കരിക്കൽ നടപടിക്ക് പിന്നാലെ പുതിയ സിനിമാ താരങ്ങളൊക്കെ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ചിത്രീകരണ സ്ഥലങ്ങളിലും കാരവനിലും റെയ്ഡ് ചെയ്യണമെന്നും സംഘടന കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തെ പൂർണമായും നിഷേധിക്കുന്നതും, എതിർക്കുന്നതുമായ തരത്തിലുള്ള പ്രതികരണമായാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
മലയാള സിനിമയിൽ നിന്നും തന്നെ വിലക്കിയതിൽ പ്രതികരിച്ചു കൊണ്ട് ഷെയിന്‍ നിഗവും രംഗത്തു വന്നിരുന്നു. വെയില് സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിന്നും നിരവധി അധിക്ഷേപങ്ങളും മാനസിക സമ്മർദ്ദങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടേയെന്നും ഷെയിന്‍ മറുപടി നല്കി.
ഈ വിഷയത്തിൽ ഷെയ്ന്റെ വിലക്കിനെ സംബന്ധിച്ചു നിർമാതാക്കളുടെ സംഘടനയുമായി ബന്ധപ്പെടുമെന്ന് താര സംഘടനയായ അമ്മയുടെ പ്രതിനിധി ഇടവേള ബാബുവും അറിയിച്ചു.
Post Your Comments