ഒരു കാലത്ത് തനിക്കുമുണ്ടായിരുന്ന ബോഡി ഷെയിമിങ്ങിനെപ്പറ്റി മനസുതുറക്കുകയാണ് ബോളിവുഡിൽ സജീവമായ നടി ഇലിയാന ഡിക്രൂസ്. ഒരു കാലത്ത് താൻ മെലിഞ്ഞ തന്റെ ശരീരത്തെ ഓർത്തു ദുഖിച്ചിട്ടുണ്ട്, അന്നൊക്കെ മറ്റുള്ളവരുടെ കണ്ണിലൂടെയേ സ്വന്തം ശരീരത്തെ തനിക്ക് വിലയിരുത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ശരീരത്തെ ഉൾക്കൊണ്ട്, അതിനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ എല്ലാം സന്തോഷമായ് മാറുകയായിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഇലിയാന ഇക്കാര്യം പങ്കുവച്ചത്.
നേരിട്ടും സൈബര്‍ ഇടത്തിലും പരിഹാസവും അപമാനവും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് തന്റെ അപൂര്‍ണതകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നുവെന്ന് ഇലിയാന പറയുന്നു.
‘എന്റെ ചിത്രങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിക്കുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാകുന്നത്. എന്നെ ഞാനായി കാണിക്കാതെ, ശരീര ഭാരമുള്ള വ്യക്തിയായി ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും നിരാശയാകാറുണ്ട്. 13 വയസ്സുമുതല്‍ ഈ കൃത്രിമ പ്രചാരണം ഞാന്‍ അനുഭവിക്കുകയാണ്, നേരിടുകയാണ്’- ഇലിയാന അറിയിക്കുന്നു.
കൗമാരം ഒരാളുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടമാണ്. അക്കാലത്തുതന്നെയാണ് ശരീരത്തിന്റെ പേരില്‍ താൻ അപമാനിക്കപ്പെട്ടതും, ഒരാള്‍ നമ്മളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ കാഴ്ചപ്പാടിലായിരിക്കും പിന്നീട് നാം നമ്മുടെ ശരീരത്തെ വിലയിരുത്തുന്നത്. അത് ഏറ്റവും പ്രയാസകരമാണ്. തീരെ മെലിഞ്ഞ വ്യക്തിയെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നാല്‍ പിന്നീട് നാം നമ്മളെത്തന്നെ മെലിഞ്ഞ വ്യക്തി ആയിട്ടായിരിക്കും കാണുന്നത്. നിങ്ങൾക്കെന്തോ ആരോഗ്യ പ്രശ്നമുണ്ടെന്ന് വരെ കേട്ടിട്ടുണ്ട്, ഒടുവില്‍ സ്വന്തം ശരീരത്തില്‍ സംതൃപ്തി കണ്ടെത്താൻ തുടങ്ങിയപ്പോഴാണ് തനിക്ക് ആത്മവിശ്വാസം ലഭിച്ചത്, ഇലിയാന പറയുന്നു.
Post Your Comments