മലയാളത്തിലെ യുവതാരം ഷെയ്ന് നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. സിനിമയില്‍ നിന്ന് വിലക്കുക എന്നു പറയുന്നത് ഒരു കാലത്തും ആര്‍ക്കും അംഗീകരിക്കാനാകാത്ത ഒന്നാണെന്നും കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“അധികാരസ്ഥാനത്തിരിക്കുന്ന സീനിയര്‍ നിര്‍മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്നെപ്പോലൊരു 23കാരന് വില കല്പിക്കാത്തത് ചിലപ്പോള്‍ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്നം ഇത്രയും ഗുരുതരമാകാന്‍ കാരണവും. പക്ഷേ പ്രശ്നം ഗുരുതരമായാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക” എന്നും ആഷിഖ് പ്രമുഖ മാധ്യമത്തോട് ചോദിച്ചു.
വളരെ വൈകാരികമായാണ് നിര്‍മാതാക്കളുടെ സംഘടന ഈ സംഭവത്തെ കൈകാര്യം ചെയ്തതെന്നു പറഞ്ഞ ആഷിക് പത്രസമ്മേളനവും അപക്വമായിപ്പോയി എന്നാണ് തനിക്ക് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ”പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ലേ ഉണ്ടായിട്ടുള്ളു. എല്ലാവരും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. ഷെയ്നിന്റെ ഭാഗത്തു നിന്ന് വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഷെയ്ന് തിരുത്തണമെന്നും ആഷിഖ് അബു പ്രതികരിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഉൗതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ല’ ആഷിഖ് പറഞ്ഞു.
സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കാരവനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നതു കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. മറ്റു സെറ്റുകളിലെ കാരവനുകളില്‍ നടക്കുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ ആഷിക് നിര്‍മ്മാതാക്കള്‍ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെയെന്നും വ്യക്തമാക്കി. ”ഇവിടുത്തെ നിര്‍മാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതുകൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.’ ആഷിഖ് അബു അഭിപ്രായപ്പെട്ടു
Post Your Comments