ഷെയിന്‍ നിഗത്തിനെ മലയാള സിനിമയിൽ നിന്നും ഏകപക്ഷീയ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. മലയാള സിനിമയുടെ കുത്തക ഏതെങ്കിലും സംഘടനകള്‍ക്ക് ആരാണ് നല്‍കിയതെന്നും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവർത്തകരെയോ മലയാള സിനിമയിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാൻ ഈ സംഘടനകൾക്ക് എന്താണ് അവകാശമാണുള്ളതെന്നും സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
‘നാട്ടിലെ സ്വതന്ത്ര സിനിമാ നിര്‍മാതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അവർക്ക് താല്പര്യമുള്ള ആരെയും വെച്ചു സിനിമ ചെയ്യാൻ പൂർണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യം ആണിത്. അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തിൽ അല്ല സിനിമകൾ ചെയ്യുന്നതും ജീവിക്കുന്നതും. മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം’; ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഒപ്പം, ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം തടയണമെന്നു പറഞ്ഞു കാരവനുകളടക്കം റെയ്ഡ് ചെയ്യണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തെയും ഡോ. ബിജു നിരീക്ഷിച്ചു, ലഹരി ഉപയോഗം മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങൾ ഉണ്ടെങ്കിൽ അതും കള്ളപ്പണത്തിന്റെ സാധ്യതകളും കൂടി അന്വേഷണ പരിധിയില്‍ വരണമെന്നും നിര്‍മാതാക്കളുടെയും താരങ്ങളുടെയും ടാക്‌സ്, ബിനാമി ബിസിനസുകൾ, ഭൂ മാഫിയ ബന്ധങ്ങൾ, വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങൾ, ഇങ്ങനെ സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാം തന്നെ അങ്ങനെയെങ്കിൽ അന്വേഷിക്കണമെന്നും ഡോ. ബിജു തുറന്നടിച്ചു.
Post Your Comments