യുവനടൻ ഷെയ്ൻ നിഗവുമായുള്ള പ്രശ്നത്തിനൊടുവിൽ നിർമാതാവ് ജോബി ജോർജ് തന്റെ പുതിയ സിനിമ ഉപേക്ഷിച്ചതായി അറിയിച്ചു. ഷെയ്ൻ നായകനാവുന്ന വെയിൽ സിനിമയാണ് നിർമാതാവ് ഉപേക്ഷിച്ചത്. നിർമാതാക്കളുടെ സംഘടന, താരത്തെ മലയാളസിനിമകളിൽ അഭിനയിപ്പിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതോടെയാണ്, നിർമാതാക്കൾ സിനിമകൾ പിൻവലിക്കാൻ തുടങ്ങിയിരിക്കുന്നത്.
‘സ്നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്വിൽ തുടങ്ങിവെച്ച ഒരു സിനിമ, വെയിൽ വേണ്ട എന്ന് വയ്ക്കുകയാണ്, ഗുഡ്വിൽ എല്ലായിപ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ.’– ജോബി ജോർജ് വ്യക്തമാക്കി.
ഷെയ്നുമായി ബന്ധപ്പെട്ട രണ്ട് സിനിമകൾ പിൻവലിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വെയില്, കുര്‍ബാനി എന്നീ ചിത്രങ്ങളാണ് വേണ്ടെന്നുവച്ചത്.
‘രണ്ട് സിനിമകള്‍ക്കുമായി ഏഴ് കോടി രൂപ ചെലവായി. ഷെയ്ന് നഷ്ടം എന്ന് തിരിച്ച് തരുന്നോ അന്നുവരെ മലയാളത്തില്‍ ഷെയ്ന് ഒരു സിനിമയും നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉണ്ടാകില്ല.’– കുർബാനിയുടെ നിർമാതാവ് മഹാ സുബൈര്‍ അറിയിച്ചു.
ഈ സിനിമകൾക്ക് ഉണ്ടായ നഷ്ടം ഷെയ്ൻ നികത്തണം, താരങ്ങളെ വിശ്വസിച്ചു കോടിക്കണക്കിന് പണം മുടക്കിയവരെ കളിയാക്കുകയാണ് ഷെയ്ന് ചെയ്തതെന്ന്, നിർമാതാക്കളുടെ സംഘടന കുറ്റപ്പെടുത്തി.
Post Your Comments