ഷെയ്ന് നിഗത്തിനെതിരെ വീണ്ടും ഒരു നിർമ്മാതാവ് കൂടി പരാതിയുമായി രംഗത്ത്. ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവാണ് ഇപ്പോൾ താരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി അധികം വേണമെന്ന് ഷെയ്ൻ നിഗം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് നിര്‍മ്മാതാവ് പരാതിപ്പെട്ടിരിക്കുന്നത്. ഉടനെ തന്നെ, പരാതിയിൽ പറയുന്ന കാര്യങ്ങളെ നിരസിച്ചു ഷെയ്ന് നിഗവും രംഗത്തെത്തി.
സിനിമയ്ക്ക് വേണ്ടി 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്, അതേസമയം, പണം മുന്‍കൂറായി തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിച്ചുവെന്നാണ് ഷെയ്ൻ പറയുന്നത്. പിന്നാലെ, പ്രതിഫലം ചോദിച്ചു നിർമ്മാതാവിനെ സമീപിച്ചെങ്കിലും മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചുവെന്നും, ഇത് ഉപയോഗിച്ചാണ് ഇപ്പോൾ, തനിക്കെതിരെ ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് താരം വിശദീകരിക്കുന്നത്.
അതേസമയം, 25 ലക്ഷം രൂപ പ്രതിഫലം നല്‍കുന്നതായാണ് കരാര്‍ ഒപ്പിട്ടതെങ്കിലും, സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചു കൊണ്ട് ഷെയ്ൻ തന്നെ സമീപിക്കുകയും ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് നിര്‍മ്മാതാവ് ആരോപിക്കുന്നത്. അധിക പണം നൽകിയില്ലെങ്കിൽ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിച്ചിരുന്നതായും പരാതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments