ഹങ്കര്‍ ഗെയിം എന്ന സിനിമാ പരമ്പരയിലൂടെ ശ്രദ്ധേയയായ അമേരിക്കന്‍ നടിയും സംവിധായികയും നിര്‍മാതാവും രചയിതാവുമാണ് എലിസബത്ത് ബാങ്ക്സ്. ഇപ്പോഴിതാ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും താന്‍ അനുഭവിക്കുന്ന വിഷമത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. വാടക അമ്മമാരിലൂടെ രണ്ടു പെണ്‍മക്കളുടെ അമ്മയായ സംഭവത്തില്‍ എലിസബത്ത് നേരിടുന്ന വിഷമത്തെ കുറിച്ചാണ് താരം പറഞ്ഞത്. ജീവിതത്തില്‍ ഒറ്റപ്പെടുന്നവരെ എന്റെ അനുഭവം ഏതെങ്കിലും രീതിയില്‍ സഹായിക്കുകയാണെങ്കില്‍ അവരോട് എനിക്ക് തീര്‍ച്ചയായും നന്ദിയുണ്ടായിരിക്കുമെന്നും എലിസബത്ത് പറഞ്ഞു.
”എന്റെ ആരോഗ്യപ്രശ്നം ഞാന്‍ സൃഷ്ടിച്ചതല്ല. അതിന്റെ ഉത്തരവാദിയും ഞാനല്ല. അതുകൊണ്ടുതന്നെ അമ്മയാകാന്‍ കഴിയാതെ പോയതില്‍ എന്നെ വിമര്‍ശിക്കുന്നതിലും അര്‍ഥമില്ല. എന്റെ പ്രവൃത്തിയെ അംഗീകരിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അവര്‍ക്കാര്‍ക്കും എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ല. എന്തായാലും വാടക ഗര്‍ഭപാത്രം സ്വീകരിക്കേണ്ടി വന്നതില്‍ എനിക്ക് ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ല. ആരുടെ മുമ്പിലും ന്യായീകരണം നിരത്തേണ്ടതുമില്ല.
ജോലി ചെയ്യുന്ന അമ്മയായിരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ ഞാന്‍ ജോലി ചെയ്യുന്നത് തീര്‍ച്ചയായും കാണണം. എന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതെന്നില്‍ അപാരമായ ആത്മവിശ്വാസവും വളര്‍ത്തിയിരുന്നു. പല ജോലികള്‍ കൂടിച്ചേരുമ്പോഴാണ് ഓരോ വ്യക്തിയുടെയും ജീവിതം പൂര്‍ണമാകുന്നത്. എന്റെ കുട്ടികളില്‍ നിന്നും ജോലിയെ മാറ്റിനിര്‍ത്താന്‍ ഞാന്‍ തയാറല്ല. അതിനു വിപരീതമായ എല്ലാ സിദ്ധാന്തങ്ങളെയും ഞാന്‍ വലിച്ചെറിയുന്നു. നന്നായി ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. നന്നായിത്തന്നെ കുട്ടികളെ വളര്‍ത്തണം” – എലിസബത്ത് വ്യക്തമാക്കി.
Post Your Comments