എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെത്തിയ താരങ്ങങ്ങൾ അവരുടെ ഓര്‍മ്മകള്‍ പുതുക്കി കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു ഇത്തവണ അവർ ഒത്തുകൂടിയത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, റഹമാന്, ലിസ്സി തുടങ്ങിയവര്‍ റീ യുണിയനില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തന്നെ ആരും റീ യൂണിയന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതു കൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.’ പ്രതാപ് പോത്തന് കുറിപ്പില്‍ പറഞ്ഞു.
പ്രതാപ് പോത്തന് പിന്തുണയുമായി നടന് ബാബു ആന്റണിയും രംഗത്തു വന്നു. ‘അവര്‍ ആരാണെന്ന് എനിക്ക് അറിയില്ല. അവരെ ഒഴിവാക്കൂ. ഇന്ന് നിങ്ങള്‍ ഈ നിലയിലെത്താന്‍ ഇവരില്‍ ആരും ഒരു സംഭാവനയും നല്‍കിയിട്ടില്ല. നിങ്ങള്‍ നല്ല സംവിധായകനും നടനുമാണ്.’ ബാബു ആന്റണി പോസ്റ്റിന് കമന്റായി കുറിച്ചു.
Post Your Comments