ആഖ്യാന ശൈലിയാലും പ്രമേയ മികവാലും പരിയേറും പെരുമാൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴകത്തെ, താഴ്ന്ന ജാതിയിൽ നിന്നും സിനിമ മേഖലയിലേക്ക് സ്വന്തം സമർപ്പണ ബോധത്താൽ കരകയറിവന്ന മാരി പുതിയ ചിത്രവുമായി വീണ്ടും വരുവാൻ ഒരുങ്ങുകയാണ്, എന്നാൽ ഇത്തവണ നായകൻ ഒരു സൂപ്പർ താരമാണ്. അത് മറ്റാരുമല്ല, അടുത്തകാലത്ത് വെട്രിമാരൻ ചിത്രം അസുരനിലൂടെയും എത്തി പ്രതിഭ കാണിച്ച ധനുഷ് തന്നെയാണ്.
കര്ണ്ണന് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണു ചിത്രം നിര്‍മ്മിക്കുന്നു. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പരിയേറും പെരുമാള്‍ പോലെ ശക്തമായൊരു പ്രമേയം പറഞ്ഞുകൊണ്ടുളളത് തന്നെയാണ് പുതിയ ചിത്രവുമെന്നാണ്, അണിയറപ്രവർത്തകർ അറിയിക്കുന്നത്. ധനുഷ് ചിത്രത്തില്‍ രജിഷ വിജയന് നായികയായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസുരന്റെ വിജയത്തിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ധനുഷ്. മികച്ച പ്രതികരണം നേടിയതിനൊപ്പം നടന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും അസുരന് മാറിയിരുന്നു. അസുരന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ധനുഷിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിൽ നിന്നും നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
Post Your Comments