ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കാറുണ്ട്. എന്നാല്‍ 1980-കളുടെ അവസാനത്തോടെ യേശുദാസ് കച്ചേരിക്ക് അല്ലാതെ ഇനി പാടില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. മികവുറ്റ സംഗീത സംവിധായകര്‍ക്ക് അവസരം കുറഞ്ഞതോടെ തനിക്ക് കിട്ടുന്ന പാട്ടുകള്‍ എല്ലാം പാടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതോടൊപ്പം ചലച്ചിത്ര ഗാനങ്ങള്‍ പരമാവധി ഒഴിവാക്കി കച്ചേരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വരുന്ന 10 വര്‍ഷത്തേക്ക് തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി മാത്രമേ പാടൂ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അതോടു കൂടി എന്നാല്‍ ഈ സമയത്താണ് മോഹന്‍ലാല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനിയായ പ്രണവം ആര്‍ട്സ് ആരംഭിക്കുന്നത്. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ ഒരുക്കുന്ന ചലച്ചിത്രത്തിന് സംഗീതം ഒരുക്കാന്‍ രവീന്ദ്രന്‍ മാഷിനെയാണ് സമീപിച്ചത്. അദ്ദേഹം താന്‍ ഒരുക്കുന്ന ഗാനം ആലപിക്കുന്നതിനായി യേശുദാസിനെ സമീപിച്ചു.
എന്നാല്‍ യേശുദാസ് തന്റെ തീരുമാനം മാറ്റാന്‍ ഒരുക്കമല്ലെന്നും തരംഗിണിക്ക് വേണ്ടിമാത്രമേ താന്‍ പാടുന്നുള്ളുവെന്നും മറ്റൊരു ബാനറിനായി പാടുന്നില്ലെന്നും പറഞ്ഞു. ഇതോടെ രവീന്ദ്രനും ഒരു തീരുമാനമെടുത്തു. ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ താനുമില്ല. പിന്നീട് താന്‍ ഒരുക്കിയ ചില പാട്ടുകള്‍ക്ക് സംഗീതം കൊടുത്തിട്ടുണ്ടെന്നും ഒന്നുകേള്‍ക്കണമെന്നും രവീന്ദ്രന്‍ യേശുദാസിനോട് ആവശ്യപ്പെട്ടു. നിര്‍ബന്ധത്തിന് വഴങ്ങി അവസാനം യേശുദാസ് പാട്ടുകള്‍ കേട്ടു. പാട്ടു കേട്ടതോടെ അദ്ദേഹത്തിന്റെ നിലപാടും മാറി. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ സുന്ദര ഗാനങ്ങള്‍ പിറന്നത്.
തൊട്ടടുത്ത വര്‍ഷം സംഗീതത്തിന് പ്രാധാന്യം നല്‍കിയ ചിത്രം ഭരതം പ്രണവം ആര്‍ട്സ് നിര്‍മ്മിച്ചു. രാമകഥാഗാനലയം എന്ന ഭരതത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും യേശുദാസിനെ തേടി എത്തി. രവീന്ദ്രന്‍ മാഷിന് പ്രത്യേക പരാമര്‍ശവും. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികച്ച സംഗീത പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചതോടെ യേശുദാസ്- രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ വമ്പന്‍ ഹിറ്റുകള്‍ പിറന്നു.
Post Your Comments