മലയാളത്തിന്റെ യുവതാര നിരയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷെയ്ന് നിഗം. നടന് അബിയുടെ മകന് കൂടിയ ഷെയ്ന് വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പറഞ്ഞുതീർക്കാവുന്ന ചെറിയ പ്രശ്നങ്ങളാണ് പിന്നീട് വലുതായതെന്ന് ഷൈൻ തുറന്നു പറയുന്നു. ഷെയ്നൊപ്പം ഷൈൻ ടോമും വെയിലിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ‘ക്രിയാത്മകമായി ജോലി ചെയ്യേണ്ട ഇടമാണ് സിനിമ. ചില വിട്ടുവീഴ്ചകൾ ഇരുഭാഗത്തു നിന്നും വേണമായിരുന്നു. സിനിമയാണ് മുഖ്യമെന്നും’ ഷൈൻ പറയുന്നു.
‘നിർമാതാവ് ജോബി ജോർജും ഷെയ്നും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അത് അവർ പറഞ്ഞ് തീർത്തുവെന്നാണ് വാർത്തകളിലൂടെ അറിഞ്ഞത്. അതിനുശേഷം വീണ്ടും സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ഞാനും ഷെയ്നും ഉള്ള കോമ്പിനേഷൻ സീനുകളുമുണ്ടായിരുന്നു. പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നിർമാതാവ് ജോബി സർ സെറ്റിൽ അധികം വരാറില്ല. അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങൾ ഉള്ളതായും അറിയില്ല. സംവിധായകൻ ശരത് മേനോനുമായും ഷെയ്ൻ വളരെയധികം സൗഹൃദപരമായാണ് പെരുമാറിയത്.’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഷെയ്നിന്റെ പ്രായമാണ് അയാൾ ഇത്രയധികം പ്രതികരിക്കാൻ കാരണമെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്വത എത്താത്ത ഷെയിന്റെ പെരുമാറ്റം മനസ്സിലാക്കേണ്ടത് മുതിർന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ചിലപ്പോൾ മാനസികമായി പല പ്രശ്നങ്ങളും അവന് ഉണ്ടായിട്ടുണ്ടാകാം. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവനാണ് ഉള്ളത്. അമ്മയ്ക്കും പെങ്ങന്മാർക്കും അവൻ മാത്രമാണ് ഉള്ളത്. അത്തരം പ്രശ്നങ്ങളെല്ലാം അവനുണ്ട്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടുണ്ടാകില്ല. നിർമാതാവ് ജോബി സറും ഷെയ്നും തമ്മിൽ അച്ഛനും മകനും തമ്മിലുള്ളപോലെ തലമുറ വ്യത്യാസം ഉണ്ട്. അപ്പോൾ കുറച്ചൊക്കെ ക്ഷമിക്കേണ്ടത് മുതിർന്നവരാണ്.’ താരം പങ്കുവച്ചു.
” എനിക്ക് തോന്നുന്നത് മലയാള സിനിമയിലെ ഏറ്റവും സഹനശക്തിയുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലുമെന്നാണ്. കാരണം സിനിമയിൽ എന്നും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ 2002–ൽ ഈ മേഖലയിൽ വന്നതാണ്. ഇങ്ങനെയൊക്കെ തന്നെയായിരുന്നു അന്നും. പക്ഷേ മുതിർന്ന താരങ്ങൾ പലതും സഹിച്ച് സിനിമയിൽ നിലനിൽക്കുന്നവരാണ്. തീയിൽ കുരുത്തവര്‍ വെയിലത്ത് വാടില്ല എന്ന് പറയില്ലേ. അവരെ അവർ വളർന്നു വന്ന സാഹചര്യങ്ങൾ അങ്ങനെ ആക്കിയതാണ്. പക്ഷേ ഇന്നത്തെ തലമുറ അങ്ങനെയല്ല. മാർക്ക് കുറയുന്നതിന്റെ പേരിൽ കുട്ടികൾ എന്തെല്ലാമാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് ഇതും. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതുപോലെയല്ല സിനിമ. ഇവിടെ കാഷ്വൽ ലീവോ, ഹാഫ് ഡേ ലീവോ ഒന്നുമില്ല. ശരീരത്തിന് അത്രമാത്രം സുഖമില്ലെങ്കിൽ അവധി കിട്ടുകയുള്ളു. മാനസികമായ പ്രശ്നങ്ങൾ കാരണം അവധിയെടുക്കാൻ പറ്റില്ല. സെറ്റിൽ വരണം. അഭിനയിക്കണം. ചിലപ്പോൾ അത് സംവിധായകൻ വിചാരിച്ച ഔട്പുട്ട് ലഭിക്കാത്തതിന് കാരണമാകും. ഇവിടെയും അതൊക്കെ തന്നെയാണ് പ്രശ്നം എന്നാണ് തോന്നുന്നത്. ” ഷൈൻ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു
Post Your Comments