മലയാളത്തിന്റെ യുവ നടന് ഷെയിൻ നിഗം വെയില് എന്ന ചിത്രത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നല്കിയ പരാതിയെ തുടര്‍ന്ന് താരത്തെ പുതിയ മലയാളം ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് നടന്റെ മാനേജർ. വെയില് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാർ ലംഘിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇന്ന് പുലർച്ചെ വരെ വെയിലിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയ്ൻ എന്നും അദ്ദേഹം പറഞ്ഞു.
ഷെയ്നെ അസ്വസ്ഥനാക്കാൻ സംവിധായകനും മറ്റ് പ്രവർത്തകരും മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കി. സന്തോഷത്തോടെയും സ്വതന്ത്രമായ മനസ്സോടെയും അഭിനയിക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ മാനസികമായി തകർന്നാണ് ഷെയിൻ ഇന്ന് സെറ്റിൽ നിന്ന് മടങ്ങിയത്. അതിനെ സെറ്റിൽ നിന്നിറങ്ങിപ്പോയെന്നും സിനിമയുമായി സഹകരിക്കില്ലെന്ന തരത്തില്‍ വളച്ചൊടിക്കുകയാണെന്നും പ്രമുഖ മാധ്യമത്തോട് മൈക്കിൾ സേവ്യർ വെളിപ്പെടുത്തി.
‘പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. വാർത്തകളിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30 വരെ വെയിലിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയിൻ. 15 ദിവസത്തെ ഡേറ്റ് ആണ് ചിത്രത്തിനായി നൽകിയിരുന്നത്. ആവശ്യപ്പെട്ടതിലും അധികം ഷോട്ട് ചെയ്തിട്ടുണ്ടെന്നല്ലാതെ ഒരു ഷോട്ട് പോലും ഷെയ്ൻ കുറച്ച് ചെയ്തിട്ടില്ല. പറഞ്ഞതിലും അധികസമയത്തേക്ക് ഷൂട്ടിങ് നീട്ടിക്കൊണ്ടുപോകുക, നന്നായി ചെയ്താലും ശരിയായിട്ടില്ല എന്ന് പറഞ്ഞ് റീടേക്ക് പോകുക സെറ്റില്‍ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുക ഇതെല്ലാം പതിവായിരുന്നു. ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്ത് ഷെയ്ൻ വിശ്രമിച്ചാലോ പാട്ട് കേട്ടാലോ ഒക്കെ വലിയ പ്രശ്നമാക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഷെയ്ൻ ഒരു കലാകാരനല്ലേ? സംവിധായകൻ പറയുന്ന വരച്ച വരയിൽ നിന്ന് അഭിനയിക്കണം എന്ന് പറയുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സന്തോഷവും സമാധാനവും ഇല്ലാത്ത സാഹചര്യത്തിൽ ഇനി അഭിനയിക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ മാനസികമായി തകർന്നാണ് ഷെയിൻ ഇന്നത്തെ ഷൂട്ടിങ് പൂർത്തിയാക്കി സെറ്റിൽ നിന്ന് മടങ്ങിയത്. അത് അവർ പറയുംപോലെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോന്നതല്ല. ഷെയിന്‍ പോയതിന് ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്നറിയില്ല”- മൈക്കിൾ പറഞ്ഞു.
കടപ്പാട്: മനോരമ
Post Your Comments