സോഷ്യല്‍ മീഡിയയില്‍ പലപ്രാവശ്യം വ്യാജ മരണത്തിനു ഇരയായ നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. മലയാളത്തിന്റെ ഈ പ്രിയ താരം തന്റെ വ്യാജ മരണം ആഘോഷിച്ച സോഷ്യല്‍ മീഡിയയെക്കുറിച്ച് ഒരു പ്രസംഗത്തില്‍ പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
”ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാന്‍ മരിച്ചുപോയിട്ടുണ്ട്. ആരൊക്കെയോ എന്നെ കൊന്നിട്ടുണ്ട്. എനിക്കൊരു അസുഖം പിടിപെട്ടപ്പോള്‍ പതിനഞ്ചു പ്രാവശ്യം സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണവാര്‍ത്തകള്‍ കണ്ട് കണ്ണു തള്ളിപ്പോയിട്ടുള്ള ആളാണ് ഞാന്‍. അല്‍ സലിംകുമാര്‍. അസുഖം പിടിപെട്ട് തീവ്രപരിചരണവിഭാഗത്തില്‍ ബോധവാനായി തന്നെ കിടക്കുന്ന കാലത്താണ് ഈ മരണവാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്നത്. ചുമ വന്നാല്‍ പോലും ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. നല്ല ചികിത്സയ്ക്കുവേണ്ടിയായിരുന്നു അത്.
മിക്കവാറും ഞാന്‍ എണീറ്റു നടക്കുകയാണ് പതിവ്. തൊട്ടടുത്ത് കിടക്കുന്ന എനിക്കു പരിചയമില്ലാത്ത നിരവധി ആളുകള്‍ പടക്കം പൊട്ടുന്ന പോലെ ദിവസേന മരിക്കുകയാണ്. കൈയെത്തും ദൂരത്ത് മരണം കണ്ടു. ഒരു ദിവസം ഞാനും ഇങ്ങനെ പോകുമെന്നു അന്ന് അറിയാമായിരുന്നു. അതില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ആരുമില്ല. നമ്മള്‍ ഒറ്റയ്ക്കാണ്. ആര്‍ക്കൊക്കെയോ വേണ്ടി ഈ ഭൂമിയില്‍ നമ്മള്‍ നന്മ ചെയ്തു ആരും സഹായത്തിനില്ല. പരിചിതരല്ലാത്ത വെളുത്ത വസ്ത്രമിട്ട കുറേ മാലാഖമാരും ഡോക്ടര്‍മാരും. ഒരു പടിയപ്പുറത്ത് ബാര്യയോ സ്വന്തം ബന്ധുക്കളോ ഇരിപ്പുണ്ടാകാം. പക്ഷേ നമ്മുടെയടുത്തേക്ക് വരാന്‍ പറ്റില്ല. അന്നു ഞാന്‍ അവസാനിപ്പിച്ചതാണ്. മനസ്സില്‍ എന്തെങ്കലും ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം അവസാനിപ്പിച്ച് നല്ലവനാകാന്‍. മോശം ചെയ്താലും നല്ലതു ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനമെന്ന് അന്ന് എനിക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.”
വികാരാധീനനായി സലിംകുമാര്‍ നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
Post Your Comments