ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മുതിര്‍ന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിക്കാതിരുന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ സംഘാടകര്‍. ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്കി അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ഇന്ത്യയിലെ പ്രമുഖ സംവിധായകരെ മേളയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരം നല്കാന് ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ ചൈതന്യപ്രസാദ് തയ്യാറായില്ല.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തോടൊപ്പം അന്‍പതിലേറെ വര്‍ഷമായി സഞ്ചരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്, നടന് കമല്ഹാസന് എന്നിവരെ മേളയില്‍ നിന്ന് ഒഴിവാക്കിയതില്‍ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചവരില്‍ അടൂരും ഉണ്ടായിരുന്നു.ഒപ്പം ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് നടൻ കമല്‍ഹാസനും. രാഷ്ട്രീയപരമായ വിയോജിപ്പുകളാണ് മേളയില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് ആരോപണം ഉയരുന്നുണ്ട്.
ഗോവയില്‍ ഇന്ന് ആരംഭിക്കുന്ന മേള ബോളിവുഡ് താരം അമിതാഭ് ബച്ചന് ഉദ്ഘാടനംചെയ്യും. നവംബര്‍ 28 വരെ 76 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Post Your Comments