ഈ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും. നവംബര്‍ 20 മുതല്‍ 28വരെയാണ് ചലച്ചിത്ര മേള നടക്കുക. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നത്. നാളെ വൈകീട്ട് ഡോ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തും.
76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ നിന്നും ഉയരെ,കോളാമ്പി, ഇരവിലും പകലിലും ഒടിയന്‍, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയവയാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിനെ ഇത്തവണ മേളയില്‍ ആദരിക്കും. ഫ്രഞ്ച് താരം ഇസബെല്ല ഹുപ്പെര്‍ട്ടിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്‌കാരം നല്‍കുന്നത്.
ചലച്ചിത്ര മേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ സംവിധായകരുടെ 50 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
Post Your Comments