CinemaGeneralLatest NewsMollywoodNEWS

‘നിറഞ്ഞ കണ്ണുകളോടെ അത് പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു’; നടി സീമയെ വീണ്ടും സിനിമയിലെത്തിച്ച് വിധു വിന്‍സെന്റ്

ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാൻ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്

മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ താരമാണ് വിധു വിന്‍സെന്റ്. സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ നിരവധി അംഗീകാരങ്ങളാണ് താരം വാരിക്കൂട്ടിയത്. ഇപ്പോഴിതാ താരം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള സിനിമയ്ക്ക് സ്റ്റാന്‍ഡ് അപ് എന്നാണ് പേരിട്ടിരിക്കുന്നത്.

നിമിഷ സജയനും രജിഷ വിജയനുമാണ് സ്റ്റാന്‍ഡ് അപ്പിലെ രണ്ട് നായികമാര്‍. ഒപ്പം നടി സീമയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ടെന്ന് പറയുകയാണ് വിധു ഇപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സീമചേച്ചിയുടെ സിനിമ കണ്ടതിനെ കുറിച്ചും സ്റ്റാന്‍ഡ് അപ്പില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചും വിധു പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………….

സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓർമ്മ വരുന്നത്. അന്ന് ഞാൻ ആറാം ക്ലാസ്സിലാ പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു .ഇനിയും കരഞ്ഞാൽ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചിൽ നിർത്തിയത്. അവളുടെ രാവുകൾ എന്ന സിനിമ കാണുന്നത് ഗൾഫിൽ നിന്ന് മാമൻ ആദ്യമായി കൊണ്ടുവന്ന വി സി പി യിൽ ക്യാസറ്റ് ഇട്ടിട്ടാണ്. ഞങ്ങള് കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിർന്നവർ ഇരുന്ന് സിനിമ കണ്ടതും ഞാൻ ഉറക്കം നടിച്ച് അവരുടെയിടയിൽ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓർമ്മ.

ഒരു പാട് വർഷങ്ങൾക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ സ്റ്റാൻഡ് അപ്പിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ സ്ട്രോംഗായ ഒരു ലേഡീ ഡോക്ടറുടെ റോൾ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോ ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ എൽദോ യാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിർദ്ദേശിച്ചത്.സീമചേച്ചി എന്നെ പോലൊരു ജൂനിയർ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എൽദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാൻ പറഞ്ഞു. ഫോണിൽ സീമചേച്ചിയെ വിളിച്ചു, ‘ഞാൻ വിധു-… ” അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് ” യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടർ? വിധുവിന്റെ ക്യാരക്ടറിന് ഞാൻ പോതുമാ?”

”എന്തൊരു ചോദ്യം? ആയിരം വട്ടം പോതും ” എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേൾക്കുന്നത് അനുബന്ധത്തിലെ സുനന്ദ ടീച്ചററെയാണ്, അമേരിക്ക അമേരിക്കയിലെ നീനയെയാണ്, കരിമ്പിലെ മെറീനയെയാണ്. നേരിട്ടു കേൾക്കുമ്പോഴാണത് ബോധ്യപ്പെട്ടത് – ഈ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

ഷൂട്ടിംഗിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാൻ എൽദോയ്ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവച്ചത്.പിന്നീട് വർത്തമാനങ്ങൾക്കിടയിൽ ചേച്ചിയുടെ ക്യാരക്ടറിന്റെ ഡീറ്റെയ്ൽസ് ചോദിച്ചു. ഞാൻ സ്റ്റാൻഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.
ചേച്ചിയുടെ മറുപടി ” ശശിയേട്ടൻ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാൻ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇൻറർവെല്ലിനു ശേഷം ഞാൻ വീണ്ടും സ്ക്രീനിലേക്ക് വരികയാ.സൊ ഇത് എനിക്കുമൊരു സ്റ്റാൻഡ് അപ് മൊമന്റാണ്.” നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചിൽ വന്നു.

സീമ ചേച്ചി, ചില ദുരന്തങ്ങൾ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവർന്നു നില്പുകളിലേക്ക് നമ്മൾ എത്തിച്ചേരുന്നതും.

shortlink

Related Articles

Post Your Comments


Back to top button