General

‘ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍’ പുതിയൊരനുഭവമായി

തിരുവനന്തപുരം•ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈബിള്‍ കഥയും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷനും തമ്മിലുള്ള താരതമ്യം പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.

ദൈവം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ച് ഏദന്‍തോട്ടം നിര്‍മ്മിച്ച് നല്‍കുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. ദൈവവചനം മറികടന്ന് വിലക്കപ്പെട്ട കനി ഭക്ഷിച്ചതോടെ അവരെ ഭൂമിയിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന് ഏദന്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നു. എല്ലാ നിയമങ്ങളും മറികടന്ന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതോടെ ആകെ കുഴപ്പമായി. അവസാനം പരസ്പരം കലഹിച്ച് ഏദന്‍ ഗാര്‍ഡന് വേണ്ടി മല്‍പ്പിടുത്തമാകുന്നു. അതില്‍ ആദം മരിക്കുകയും തങ്ങളുടെ തന്ത്രം ഫലിച്ചതുകണ്ട് പഴയ സാത്താനും പുതിയ സാത്താനും പൊട്ടിച്ചിരിക്കുന്നതോടെ നാടകം അവസാനിക്കുന്നു.

ഡോ. തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, ദീപു അരുണ്‍, ഗ്രേസി കരമന, അഡ്വ. മംഗളതാര, ഗായത്രി, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല പ്രദീപ് അയിരൂപ്പാറ, രാധാകൃഷ്ണന്‍.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ. ജയിംസിനെ ചടങ്ങില്‍ ആദരിച്ചു. നര്‍മ്മ കൈരളി പ്രസിഡന്റ് വി. സുരേശന്‍ രചിച്ച ‘ചിരി വിരിയും കാലം’ എന്ന കൃതി വി.ജെ. ജയിംസില്‍ നിന്ന് ഡോ. എ. മുഹമ്മദ് സബീര്‍ ഏറ്റുവാങ്ങി. ചിരിയരങ്ങില്‍ എ.എസ്. ജോബി, എബ്രഹാം, പ്രഭാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button