CinemaGeneralLatest NewsMollywoodNEWS

ദൈവം നിധിപോലെ നൽകിയ ഒരു പെൺകുഞ്ഞിന്റെ അച്ഛനാണ് ഞാനും: പ്രേംകുമാർ

ഇനി ഒരു കുഞ്ഞിന്റെയും കണ്ണുകൾ നിറയരുത് , കുഞ്ഞുങ്ങളുടെ കണ്ണീർ വീഴുന്ന മണ്ണ് ശാപം നിറഞ്ഞതാണ്.

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിനായി ആവശ്യം ശക്തമാകുമ്പോള്‍ സ്ത്രീകളുടെയും കുരുന്നുകളുടെയും ദുരവസ്ഥ പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രേംകുമാറിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. അത്യന്തം ഭീതിതമായ ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നതെന്നും തെരുവുകളില്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലയ്ക്കാത്ത നിലവിളികള്‍ ഉയരുന്നു എന്നും താരം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം……………………….

നമുക്കുചുറ്റും ഇരുൾ പരക്കുമ്പോൾ…

അടുത്തകാലത്ത് കേൾക്കുന്ന വാർത്തകളധികവും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളുടേതാണ്. മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതയ്ക്ക് ചില അതിർ വരമ്പുകളുണ്ടെന്നാണ് നാം ധരിച്ചിരുന്നത്. എന്നാൽ എല്ലാ അതിരുകളെയും ലംഘിച്ചു കൊണ്ട് ‘ക്രൗര്യം’ വഴി മാറി സഞ്ചരിക്കുകയാണ്, ”സാക്ഷരൻ” എന്ന പദം ഒന്നു തിരിഞ്ഞുപോയാൽ “രാക്ഷസൻ’ ആകും എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിൽ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന അത്യന്തം ഹീനമായ സംഭവങ്ങളാണ് അനുദിനം പെരുകുന്നത്.

– ഒരു നാടിന്റെ സംസ്കാരത്തിന്റെ സൂചകങ്ങളായി പരിഗണിക്കേണ്ടത് അവിടത്തെ സത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിത നിലവാരവും സുരക്ഷയുമൊക്കെയാണ്. അത്ഉറപ്പാക്കിയില്ലെങ്കിൽ നമ്മുടെ എല്ലാ മേനി പറച്ചിലുകളും പൊള്ളയാണെന്ന് വെളിവാകും. അങ്ങനെയൊരു സമൂഹം ഏറ്റവും പ്രാകൃതമെന്ന് വിലയിരുത്തപ്പെടും. അത്യന്തം ഭീതിതമായ ഒരു കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോകുന്നത്. തെരുവുകളിൽ മാത്രമല്ല വീടിന്റെ അകത്തളങ്ങളിൽ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും നിലയ്ക്കാത്ത നിലവിളികൾ ഉയരുന്നു. പ്രത്യേകിച്ചും കുരുന്നുകുഞ്ഞുങ്ങളുടെ.

തൊടുപുഴയിൽ ഒരു മനുഷ്യപ്പിശാചിന്റെ കിരാത മർദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴു വയസ്സുകാരന്റെ തീരാവേദനയുടെ നടുക്കുന്ന ഓർമ്മകളിൽ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. അങ്ങനെ എത്രയെത കൊടും പാതകങ്ങൾ. ഇപ്പോൾ വാളയാറിലെ ആ കുഞ്ഞു മക്കൾ , ഒരു കൊച്ചേച്ചിയും കുഞ്ഞനിയത്തിയും. ആ നിഷ്കളങ്ക ബാല്യങ്ങൾ അനുഭവിച്ചു തീർത്ത നോവിന്റെ ആഴം വ്യക്തമാക്കാൻ ഭാഷ പോലും അശക്തമാണ്. എത്രമാത്രം കൊടിയ പീഡനങ്ങൾ ആ കുരുന്നുകൾ അനുഭവിച്ചിട്ടുണ്ടാകും ആ നരാധമന്മാരിൽ നിന്ന്.

സ്നേഹവും വാത്സല്യവും ലാളനയും സുരക്ഷിതത്വവും സംരക്ഷണവുമെല്ലാം നൽകി ആർദ്രതയോടെ നാം നെഞ്ചോടു ചേർത്തു നിർത്തേണ്ട കുഞ്ഞുങ്ങൾ. ആ പിഞ്ചോമനകളാണ് പീഢിപ്പിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്നത്. ആ ശിശുരോദനങ്ങളാണ് നമുക്ക് ചുറ്റും ഇരുൾ പരത്തികൊണ്ട് മുഴങ്ങിക്കേൾക്കുന്നത്. ഈ കെട്ട കാലത്തിന്റെ ആസുരതയോർത്ത് ഉളള് ഞരങ്ങുന്നു. നീതി നിഷേധിക്കപ്പെട്ട കുഞ്ഞു കണ്ണുകളിലെ നിസ്സഹായതയും നിരാശ്രയത്വവും നിരാശയും എന്നെ വല്ലാതെ ഉലയ്ക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ വറ്റിവരണ്ട ജീവിതം തന്നെ ചോദ്യചിഹ്നമായിരുന്ന വാളയാറിലെ കുട്ടികൾ തീർത്തും ദരിദ്രരായിരുന്നു. വിശപ്പടക്കാൻ കിട്ടുന്ന അൽപം
ആഹാരം മാത്രമാണ് ആ കണ്ണുകൾ ആർത്തിയോടെ കാത്തിരുന്നത്. ആ കാത്തിരുപ്പിലാണ് കഴുകൻമാർ അതി നീചമായി കൊത്തിപ്പറിച്ച് ഒടുവിൽ കഴുത്തിൽ കയർ കുരുക്കി ജീവനും ജീവിതവുമെല്ലാം തൂക്കിലേറ്റിയത്.

ഭയം തളം കെട്ടിയ ആ കുഞ്ഞുകണ്ണുകളിൽ എരിയുന്ന പകയും നിറയുന്ന പുച്ഛവും ഞാൻ കാണുന്നു. ആ കണ്ണുകളുടെ തുറിച്ചു നോട്ടം എന്നെ വേട്ടയാടുന്നു. മൂർച്ചയോടെ തുളച്ചുകയറുന്ന ആ നോട്ടം കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്ന നിയമ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയാണ്. അന്വേഷണം വഴിതെറ്റിച്ച്, തെളിവുകളുണ്ടായിരുന്നിട്ടും മൊഴികളുണ്ടായിരുന്നിട്ടും അതൊക്കെ മറച്ചുവച്ച് കുറ്റവാളികളെ രക്ഷിക്കാൻ കൂട്ടുനിന്ന അന്വേഷണ സംഘത്തിന് നേരെയാണ്. അവകാശങ്ങളൊന്നും സംരക്ഷിക്കാൻ ശക്തിയില്ലാത്ത വിവിധ അവകാശ കമ്മീഷനുകൾക്ക് നേരെയാണ്. എല്ലാ അധികാര സ്ഥാനങ്ങൾക്കും നേരെയാണ്.
ഒട്ടും പ്രതികരിക്കാതെ കുറ്റകരമായ മൗനം പാലിക്കുന്ന നമ്മൾ ഓരോരുത്തരുടെയും നേരെയാണ്.
നീതി നിഷേധത്തിനെതിരെ നടപടിയെടുക്കാൻ, നീതി നടപ്പാക്കാൻ എത്രയെത്ര സംവിധാനങ്ങളുണ്ടിവിടെ; ഭരണംകൂടം തന്നെ അതിനു വേണ്ടിയല്ലേ.
എന്നിട്ടുമെന്തേ നമ്മുടെ കുഞ്ഞുങ്ങളിങ്ങനെ നിർദ്ദയം വേട്ടനായ്ക്കളാൽ കടിച്ചുകീറപ്പെടുന്നത് ?

– എല്ലാറ്റിനേക്കാളും വലുത് ജീവനും ജീവിതവും ഭരണഘടന ഉറപ്പു നൽകുന്ന നീതിയും അവകാശ സംരക്ഷണവുമൊക്കെയാണ്. അതു തിരിച്ചറിയാതെ ആ കുഞ്ഞുങ്ങളുടെ ജാതി മത രാഷ്ട്രീയ സ്വഭാവ സർട്ടിഫിക്കറ്റുകൾ തേടി നടക്കുകയാണ് ചിലരിപ്പോൾ. ചാനലുകളിൽ അത്തരം ചർച്ചകൾ കൊഴുക്കുന്നു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പരിഷ്കൃത സമൂഹം എന്ന് നാം അവകാശപ്പെടുന്നു. അതിൽ ഊറ്റം കൊള്ളുന്നു.

ഇനിയിപ്പോൾ വേണ്ടത് ചർച്ചകളും സംവാദങ്ങളു മല്ല…
‘ആലോചിക്കും… സാധ്യതകൾ ആരായും. റിപ്പോർട്ട് തേടും… വീഴ്ചയുണ്ടായി. ജാഗ്രത കുറവുണ്ടായി. എല്ലാം പരിശോധിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും’ എന്നുള്ള ആത്മാർത്ഥത തെല്ലുമില്ലാത്ത സ്ഥിരം പല്ലവികളുമല്ല. എത്രയും വേഗം സത്യസന്ധമായ , ആത്മാർതതയും ആർജവവുമുള്ള പുനരന്വേഷണം ഉണ്ടാകണം.

ഈ സമൂഹത്തിനു മുഴുവൻ ഭീഷണിയായിട്ടുള്ള ആ കൊടും കുറ്റവാളികളും അവരെ വിശുദ്ധരാക്കി സംരക്ഷിക്കാൻ ശ്രമിച്ച കൂട്ടുപ്രതികളും ആരും രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത , എല്ലാ തെളിവുക ളോടും കൂടിയ കൃത്യതയുള്ള പുനർവിചാരണയുമുണ്ടാകണം . നിയമം അനുശാസി ക്കുന്ന പരമാവധി ശിക്ഷ ആ പിശാചുകൾക്ക് ലഭിക്കുക തന്നെ വേണം . സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ലൈംഗീകാതിക്രമങ്ങൾ കാട്ടുന്ന മനുഷ്യമൃഗങ്ങൾക്ക് ചുരുങ്ങിയപക്ഷം തെരുവുനായ്ക്കളെയെന്ന പോലെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നിയമം എങ്കിലും ഇവിടെ ഉണ്ടാകണം.

ഇനി ഒരു കുഞ്ഞിന്റെയും കണ്ണുകൾ നിറയരുത് , കുഞ്ഞുങ്ങളുടെ കണ്ണീർ വീഴുന്ന മണ്ണ് ശാപം നിറഞ്ഞതാണ്.ഒരു കുഞ്ഞും ഇനി ഇവിടെ ചവിട്ടിയരയ്ക്കപ്പെടരുത് . എട്ടും പൊട്ടും തിരിയാത്ത കുരുന്നു കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്നതും , അതിനെ ആത്മ ഹത്യ എന്ന ഓമന പേരിട്ട് വിളിക്കുന്നതും ഇനി ഒരിക്കലും ഉണ്ടാകരുത് . ഇത് ഇവിടെ ജീവിക്കുന്ന ഇനി ജീവിക്കാനുള്ള ഓരോ കുഞ്ഞിന്റെയും രക്ഷകർത്താക്കൾക്കുള്ള മുന്നറി യിപ്പാണ് . പൊതു സമൂഹത്തിനു മുഴുവനുമായുള്ള മുന്നറിയിപ്പാണ് . ഓരോ കുഞ്ഞും നമ്മുടെയാണ് , നമ്മുടെ സ്വന്തം ചോരയാണ് എന്ന മാനവികതയുടെ ചിന്ത നമുക്കുണ്ടാവ ണം . അപ്പോൾ ഈ കുഞ്ഞു പൂവുകൾക്ക് ഒരു ചെറിയ പോറൽ ഏറ്റാൽ പോലും നമ്മുടെ ഉള് പൊള്ളും . ഞാനും ഒരു കുഞ്ഞിന്റെ അച്ഛനാണ് . നീണ്ട എട്ടു വർഷം കാത്ത് കാത്തിരുന്ന് നിരന്തരമായുള്ള പ്രാർത്ഥനയ്ക്കുത്തരമായി ദൈവം നിധിപോലെ നൽകിയ ഒരു പെൺകുഞ്ഞിന്റെ അച്ഛൻ .

shortlink

Related Articles

Post Your Comments


Back to top button