സംഗീത റിയാലിറ്റി ഷോകളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പരിപാടികളില്‍ ഒന്നായിരുന്നു സ്റ്റാർ സിങ്ങർ. ഈ പരിപാടിയിലൂടെ സംഗീത പ്രേമികളുടെ മനം നിറഞ്ഞ പല ഗായകരുണ്ട് ഇന്ന്. എന്നാല്‍ സ്റ്റാർ സിങ്ങർ 2008 ൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ യുവഗായിക സോണിയയെക്കുറിച്ച് പിന്നീട് ആരും അധികമൊന്നും കേട്ടില്ല. കഴിഞ്ഞ പതിനൊന്നു വർഷം സോണിയ എവിടെയായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അതിനൊപ്പം പഠനകാലത്തെ ചില ദുരിത അനുഭവങ്ങളും സോണിയ തുറന്നു പറഞ്ഞു.
സ്വാതി തിരുന്നാൾ മ്യൂസിക് കോളജിലെ പഠന കാലത്ത് ഉണ്ടായ ഒരു അനുഭവം സോണിയ പങ്കുവച്ചു ”സ്വാതി തിരുന്നാൾ മ്യൂസിക് കോളജിൽ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേർന്നു. രണ്ടാം വർഷം പഠിക്കുമ്പോഴാണ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. അധ്യാപകരും പ്രിൻസിപ്പലുമൊക്കെ വലിയ സപ്പോർട്ടായിരുന്നു. അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചർ വലിയ സപ്പോർട്ട് നൽകി. പക്ഷേ, ഞാന്‍ ചെല്ലുമ്പോൾ പ്രിൻസിപ്പൽ മാറി പുതിയ ഒരാള്‍ വന്നിരുന്നു. അവർ വളരെ മോശമായാണ് പെരുമാറിയത്. ‘അങ്ങോട്ട് മാറി നിൽക്ക് കൊച്ചേ…’ എന്നൊക്കെ പറഞ്ഞ് കുറേ ഇൻസൾട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോൾ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചർ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഇപ്പോൾ എം.എ കഴിഞ്ഞു.” സോണിയ പറഞ്ഞു
സ്റ്റാർ സിങ്ങർ കഴിഞ്ഞു നിരവധി അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. തമിഴിൽ രണ്ടു മൂന്നു പാട്ടുകള്‍ പാടി. വിജയ് സേതുപതിയുടെ ഒരു സിനിമയില്‍ പാടിയെങ്കിലും പടം ഇതുവരെ റിലീസാകാതിരുന്നത് കൊണ്ട് ഗുണം ഉണ്ടായില്ല. ‘കൊച്ചടയാനി’ൽ റഹ്മാന് സാറിനു വേണ്ടിയും ‘ഷമിതാബി’ൽ രാജ സാറിനു വേണ്ടിയും കോറസ് പാടിയത് ഒഴിച്ചാല്‍ സിനിമയില്‍ നല്ല അവസരങ്ങള്‍ ഒന്നും സോണിയയ്ക്ക് ലഭിച്ചില്ല. ആലപ്പുഴ സ്വദേശിയായ സോണിയയുടെ അമ്മ കൃഷ്ണവേണിയും അമ്മയുടെ അച്ഛൻ ഗണപതി ആചാരിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ. ഞാൻ കരിയറിൽ വിജയിക്കണം എന്ന് എന്നെക്കാൾ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും പൂര്‍ണ്ണ പിന്തുണയോടെ നില്ക്കുന്നതും മാധ്യമ പ്രവർത്തകൻ കൂടിയായ ഭർത്താവ് ആമോദാണെന്നും സോണിയ പറയുന്നു.
Post Your Comments