മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ലാല്‍ജോസ്. ബിജു മേനോനെ നായകനാകി നാല്പത്തിയൊന്നു എന്ന തന്റെ ഇരുപത്തിയഞ്ചാമത് ചിത്രവുമായി എത്തിയിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ആറാമത്തെ ചിത്രത്തിന് നേരിട്ട പരാജയത്തിലൂടെ ഉറക്കമില്ലാതെ കിടന്ന രാത്രികളും അവസാനം അച്ഛന് വേലയുധന് വൈദ്യരുടെ അടുത്തേയ്ക്ക് കൊണ്ടുപോയതുമെല്ലാം തുറന്നു പറയുകയാണ് ലാല്‍ജോസ്.
”പതിനഞ്ചു വർഷം മുമ്പാണ് സംഭവം. രസികൻ ഇറങ്ങി. ആകെ നിരാശ. വീട്ടിലായിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഞാൻ ഉറങ്ങുന്നില്ല എന്ന് ഭാര്യ ലീനയ്ക്ക് തോന്നി. പത്രം എടുത്ത് വായിക്കാനിരുന്നാലും അതിലൊന്നിലും ശ്രദ്ധയില്ല. ലീന അപ്പനോട് പറഞ്ഞു. പുള്ളിയാണ് വേലായുധൻ വൈദ്യനടുത്തേക്ക് കൊണ്ടുപോയത്. ആൾക്ക് എന്നെ അറിയില്ല. എന്റെ തൊഴിലും അറിയില്ല. മീശ മാധവനിൽ ജഗതി ചേട്ടന്റെ രൂപം പരുവപ്പെടുത്തിയത് വൈദ്യന്റെ സാമ്യത്തിലാണ്.പ്രത്യേകിച്ച് ആ ചെവിയിലെ രോമങ്ങൾ.
പ്രത്യേക രീതിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ. കുറെ മരുന്നുകളുടെ പേര് പറഞ്ഞിട്ട് നമ്മളോട് ചോദിക്കും . ഇത് മതിയോ ? മതി എന്നാവുമല്ലോ നമ്മുടെ ഉത്തരം . അപ്പൊ പുള്ളി പറയും. ഏയ് അത് ശരിയാവില്ല. പിന്നേം കുറെ മരുന്നുകളുടെ പേര് പറയും. പിന്നെയും ചോദിക്കും. ഇതായാലോ ? ആവാം എന്നാവുമല്ലോ നമ്മുടെ ഉത്തരം. അപ്പൊ വൈദ്യർ പറയും. അത് വേണ്ട. നമുക്ക് മറ്റേത് തന്നെ മതി. ഇതാണ് ഒരു സ്റ്റൈൽ.
ഉറക്കത്തിനു മരുന്ന് തരുന്നതിന് മുമ്പ് പുള്ളി ലീനയോട് ചോദിച്ചു . ജോലി എന്തെങ്കിലും ഉണ്ടോ ? ഉണ്ടെന്നു പറഞ്ഞപ്പോ രണ്ടു ദിവസം അവധി എടുത്തോളൂ എന്നായിരുന്നു മറുപടി. അതിന് കാരണമുണ്ടായിരുന്നു. അങ്ങനെ ചൂർണവും ഒരു എണ്ണയുമായി വീട്ടിലെത്തി. തലയിൽ വെള്ളമൊഴിക്കുന്നതു പോലെ എണ്ണ തേക്കാനായിരുന്നു വൈദ്യരുടെ നിർദേശം. അങ്ങനെ ചെയ്തു. കുളിച്ചു. പറഞ്ഞ പ്രകാരം നിറയെ ഭക്ഷണം കഴിച്ചു. അപ്പോൾ തന്നെ ഉറക്കം വന്നു തുടങ്ങി. പാലിൽ ചൂർണം കലക്കി കഴിച്ചു. പിന്നെ രണ്ടു ദിവസം നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. കാരണം ആ രണ്ടു രാപകലുകൾ കഴിഞ്ഞാണ് ഞാൻ ഉണർന്നത്. അതിനിടയിൽ വെള്ളം ചേർത്ത പാൽ സ്പൂണിലാക്കി തരാനായിരുന്നു ലീനയോട് ലീവെടുക്കാൻ പറഞ്ഞത്. എന്തായാലും ഉണർന്നപ്പോൾ ജീവിതം മാറി. പരാജയങ്ങളെ നേരിടാൻ കഴിവുള്ള മനസുമായി.” ലാല്‍ ജോസ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments