മലയാള സിനിമയിൽ പുരുഷ സുകുമാര്യം കൊണ്ട് കീർത്തി നേടിയ നടൻ ജോസ് പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും തന്‍റെ മനസ്സ് തുറക്കുകയാണ്. അന്നത്തെ ന്യൂ ജെൻ സിനിമാക്കാരുടെ പ്രണയ നായകനായി വളർന്ന ജോസിന് ആരാധികമാരായിന്നു ഏറെയും. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കിയ ജോസ് പഠനവേളയിൽ തന്നെ തന്റെ ആദ്യ സിനിമ ചെയ്തിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ദ്വീപ് ‘എന്ന ചിത്രത്തിലൂടെയാണ് ജോസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് രജനീകാന്ത് തന്റെ സീനിയർ സ്റ്റുഡൻറായിരുന്നുവെന്നും രജനീ കാന്ത് എന്ന പേര് താൻ എവിടെയും പരാമര്‍ശിക്കാറില്ലെന്നും, ശിവാജി റാവു എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ നാമം മാത്രമേ താൻ എവിടെയും പറയാറുള്ളുവെന്നും ജോസ് പറയുന്നു.
‘ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ അവിടുത്തെ ബാത്ത് റൂമിൽ വലിയ ഒരു മിററുണ്ട്. രജനീകാന്ത് കണ്ണാടി നോക്കി സിഗരറ്റ് എറിഞ്ഞു വാ കൊണ്ട് പിടിക്കുന്നത് അന്നേ ഞാൻ കണ്ടിട്ടുണ്ട്. പുള്ളി അന്ന് തുടങ്ങിയതാണ് ആ പ്രാക്ടീസ്. അദ്ദേഹം വലിയ ഒരു റേഞ്ചിലേക്ക് പോയതിൽപ്പിന്നെ ഞാൻ അങ്ങനെ അദ്ദേഹത്തിനടുത്തേക്ക് പോയിട്ടില്ല. എനിക്കതിൽ ഒരു മടിയുണ്ടായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ശേഷം മൂന്ന് നാല് വർഷം കഴിഞ്ഞ് പരസ്പരം കണ്ടിരുന്നു. .അന്ന് എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. പിന്നീടും ചില ചടങ്ങുകൾക്കൊക്കെ വച്ച് കണ്ടിട്ടുണ്ട്. ഞാൻ ഇപ്പോഴും അദ്ദേഹത്തെ രജനീകാന്ത് എന്ന് പറയാറില്ല. ശിവാജി റാവു എന്നേ വിളിക്കാറുള്ളൂ’. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലാണ് സൂപ്പർ താരം രജനീകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ച് ജോസ് പങ്കുവെച്ചത്.
Post Your Comments