”ആ വലിയ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു” ; ഗീതു മോഹന്‍ദാസിനെ കുറിച്ച് പൂര്‍ണിമ

ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്

കാത്തിരിപ്പിനൊടുവില്‍ ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തിൽ നിവിന്‍ പോളിയെ നായകനാക്കി എടുത്ത മൂത്തോന്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയര്‍ ബ്രേക്കായി ഈ ചിത്രം മാറുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംവിധായിക  ഗീതുമോഹന്‍ദാസിനെ അഭിനന്ദിച്ച് അടുത്ത സുഹൃത്തുക്കളായ പൂര്‍ണിമയും മഞ്ജു വാര്യരുമൊക്കെ
എത്തിയിരുന്നു.

ഗീതുമോഹന്‍ദാസും വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു പൂര്‍ണിമ പറയുന്നത്, ഗീതുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിലാണ് പൂര്‍ണിമ ഈ കാര്യം പറയുന്നത്.

വലിയ കണ്ണുകളുള്ള, വലിയ സ്വപ്‌നങ്ങളുള്ള ഒരു കൊച്ചുപെണ്‍കുട്ടിയെ താനൊരിക്കല്‍ പരിചയപ്പെട്ടുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഒരു സുന്ദരിയായ യുവതിയായി വളര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ക്ക് പറയാന്‍ ആ വലിയ കഥകളുണ്ടായിരുന്നു. എന്നായിരുന്നു പൂര്‍ണ്ണിമ കുറിച്ചത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്.

ഇന്നിപ്പോള്‍ ഏറെ അഭിമാനത്തോടെ, ആ കൊച്ചുപെണ്‍കുട്ടിയുടെ ഏറ്റവും മികച്ച വേര്‍ഷന് താന്‍ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഒരു സംഗ്രഹമാണത്. ഇന്ന് ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ത്ഥ വിജയിയുടേതാണ്. ഞാന്‍ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു എന്നും പൂര്‍ണ്ണിമ കുറിച്ചു.

 

Share
Leave a Comment