തിയേറ്ററുകളുടെ പകല്‍ക്കൊള്ളയ്‌ക്കെതിരെ അധികാരികളും സിനിമാ സംഘടനകളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. സിനിമാ വ്യവസായം പച്ചപിടിച്ച് തിയേറ്ററില്‍ ആളുകള്‍ കയറാന്‍ തുടങ്ങിയപ്പോൾ പുര കത്തുമ്പോള്‍ വാഴവെട്ടുന്ന നിലപാടാണ് തിയേറ്ററുകളുടേതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റയെ പൂർണരൂപം…………………
എന്തിനാണീ പകല്‍ക്കൊള്ള?
”സിനിമാ വ്യവസായം തകരുന്നു’ എന്ന് മുറവിളി കൂട്ടിയ ഒരു കാലത്ത് നിന്ന് ഒരു സിനിമാ മന്ത്രിയുണ്ടായി. ഇപ്പോള്‍ സിനിമാ വ്യവസായം പച്ചപിടിച്ച് തിയറ്ററില്‍ ആളുകള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ പുര കത്തുമ്പോള്‍ വാഴവെട്ടുന്ന നിലപാടുമായി തിയറ്ററുകള്‍. പ്രത്യേകിച്ച് കോഴിക്കോട്! എറണാകുളം ലുലുമാളിലെ PVR സിനിമാ സില്‍ 125-145-175 – 320 എന്നിങ്ങനെയാണ് നിരക്കുകള്‍. കോഴിക്കോട് ആശിര്‍വാദില്‍ 190 – 210 – 350 എന്നിങ്ങനെയും, കോഴിക്കോട് ടൗണില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ മാറിയുള്ള ഈസ്റ്റ് ഹില്‍ റീഗള്‍ തിയറ്ററില്‍ 200 രൂപയുമാണ് ചാര്‍ജ്ജ്. കോഴിക്കോട് ഗംഗ തിയറ്ററില്‍ 60 രൂപയാണ് ചാര്‍ജ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഓടുന്ന എലികള്‍ക്കും മുറുക്കാന്‍ തുപ്പലിനും ഇടയിലിരുന്ന് സിനിമ കാണണം. തകര്‍ന്ന സീറ്റുകള്‍, ഇരുന്നെണീറ്റാല്‍ വസ്ത്രം കീറും. ഒരു നല്ല മൂത്രപ്പുര പോലുമില്ല. എന്തിനാണീ പകല്‍ക്കൊള്ള?
ഒന്നുകില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല അല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന പേരില്‍ ഭീമമായ തുക വാങ്ങുന്നു. ഇങ്ങനെ വരുമ്പോള്‍ സാധാരണക്കാരനായ സിനിമാ ആസ്വാദകന്‍ എന്തുചെയ്യും? രണ്ട് കുട്ടികളടക്കം നാല് പേര്‍ ഉള്ള ഒരു ചെറു കുടുംബം സിനിമ കാണണം എങ്കില്‍ വീട്ടില്‍ നിന്നും കുറഞ്ഞത് രണ്ടായിരം രൂപയുമായി ഇറങ്ങേണ്ട അവസ്ഥ. എന്താണിത്? തമിഴ്‌നാട് ഗവണ്‍മെന്റ് സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുവാനും പ്രേക്ഷകര്‍ക്ക് സാമ്പത്തിക നിലവാരം അനുസരിച്ച് സിനിമ കാണുവാനും അവസരമൊരുക്കുന്നു. മള്‍ട്ടിപ്ലക്‌സുകളിലും തരം തിരിവ് വേണം. അല്ലെങ്കില്‍ സാധാരണ പ്രേക്ഷകര്‍ തിയറ്ററില്‍ നിന്നകന്ന് ടൊറന്റിലും, മറ്റ് വ്യാജ പ്രിന്റുകളിലും അഭയം തേടുന്ന അവസ്ഥയാകും. ഇത് വീണ്ടും സിനിമാ വ്യവസായത്തെ തകര്‍ക്കും. ഇന്നത്തെ ഏറ്റവും ജനകീയ വിനോദോപാധി ആയ സിനിമ സാധാരണക്കാരനു കൂടി പ്രാപ്യമായ അവസ്ഥയില്‍ എത്തിയേ മതിയാകൂ. ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ അധികാരികളും, സിനിമാ സംഘടനകളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Post Your Comments