ജയരാജിന്റെ സിനിമാ ജീവിതത്തിൽ വലിയ ചലനമുണ്ടാക്കിയ സിനിമയായിരുന്നു ‘ദേശാടനം’. സാമ്പത്തികമായും കലാപരമായും വിജയം കൈവരിച്ച ചിത്രം വിജയരാഘവൻ എന്ന നടന്റെ സിനിമ ജീവിതത്തിലും വലിയ വഴിത്തിരിവായ ചിത്രമായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സമയത്ത് ആളില്ലാതിരുന്ന ‘ദേശാടനം’ വലിയ ഒരു ബോക്സോഫീസ് പരാജയമാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നടനും സംവിധായകനുമായ ലാൽ ഇടപെട്ടത്.
വ്യത്യസ്തമായ മാർക്കറ്റിംഗ് തന്ത്രം നടപ്പിലാക്കി കൊണ്ടായിരുന്നു ലാൽ ദേശാടനത്തെ വലിയ ഒരു സാമ്പത്തിക വിജയത്തിലേക്ക് എത്തിച്ചത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം പോസ്റ്ററിൽ പരസ്യം ചെയ്തുകൊണ്ടായിരുന്നു ലാലിന്റെ വിപണന തന്ത്രം .ഇരുവരുടെയും ഫോട്ടോ പോസ്റ്ററിൽ വച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു ‘ഈ ‘സിനിമയിൽ ഞങ്ങളില്ല പക്ഷേ ഇത് കണ്ട ശേഷം ഞങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി’ മമ്മൂട്ടിയും മോഹൻലാലും ദേശാടനത്തിന്റെ പോസ്റ്ററിൽ നിറഞ്ഞതോടെ ചിത്രം കാണാൻ തിയേറ്ററിൽ പ്രേക്ഷകർ വന്നു തുടങ്ങി. ആർട്ട് സിനിമ എന്ന രീതിയിൽ നിരൂപക പ്രശംസ മാത്രം നേടി പേകേണ്ടിയിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പോസ്റ്റർ പരസ്യത്തോടെ ചരിത്ര വിജയമായി മാറിയത്. 1996-ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മ്മിച്ചത് ജയരാജ് തന്നെയായിരുന്നു. മാടമ്പ് കുഞ്ഞിക്കുട്ടനായിരുന്നു ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
Post Your Comments