മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും വിജയനായകനായി മാറികൊണ്ടാണ് ആസിഫ് അലി മുന്നേറുന്നത്. ഇപ്പോഴിതാ സിനിമയിലെത്തി 10 വര്‍ഷം തികയുമ്പോള്‍ സിനിമയെ കുറിച്ച് തന്റെ കാഴ്ച്ചപ്പാട് മാറ്റാന്‍ കാരണമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ആസിഫ് ഇതിനെ കുറിച്ച് പറഞ്ഞത്.
‘ഒരിക്കല്‍ എറണാകുളം പത്മ തിയറ്ററില്‍ എന്റെ ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം അറിയാനായി ഞാന്‍ പോയി. ഇടവേള ആയപ്പോള്‍ മനസ്സിലായി അത് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍, ഇടനാഴിയില്‍ നിന്ന ഒരാള്‍ എന്നെ അടുത്തേക്കു വിളിച്ചു. എന്താ ചേട്ടാ എന്ന് ചോദിച്ചു. ടിക്കറ്റ് ചാര്‍ജായ 75 രൂപ തന്നിട്ടു പോയാ മതി എന്നായി അയാള്‍. ഞാന്‍ നിന്നു പരുങ്ങി. അദ്ദേഹത്തോടു ക്ഷമ പറഞ്ഞു.’
‘അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ‘ങും, പൊക്കോ. ഇനി ഇത് ആവര്‍ത്തിക്കരുത്. ഞങ്ങള്‍ക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അതു കളയരുത്’. എന്റെ ഉത്തരവാദിത്തം നിസ്സാരമല്ലെന്ന് ആ സംഭവം മനസ്സിലാക്കി തന്നു. എന്റെ മുഖം കണ്ട് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് ആദ്യ പരിഗണന കൊടുത്തു വേണം സിനിമ ചെയ്യാനെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തി താരം പറഞ്ഞു.
Post Your Comments