CinemaGeneralLatest NewsMollywoodNEWS

‘ഇനി ജാതിവാല്‍ വേണ്ട’;  പേര്‌മാറ്റം നടത്തി സംവിധായകന്‍ വി.എ.ശ്രീകുമാര്‍

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല.

നടൻ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തിൽ തന്ററെ പേരിലെ ‘മേനോന്‍’ എടുത്ത് കളഞ്ഞ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍. പേരിന് ഒപ്പമുള്ള ജാതിവാല്‍ തന്നെക്കുറിച്ചും താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ടെന്നും പേരിനൊപ്പമുണ്ടായിരുന്ന ജാതിവാല്‍ പൊള്ളിക്കുന്നുവെന്നും അതിനാല്‍ അത് ഉപേക്ഷിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.

കുറിപ്പിന്റയെ പൂർണരൂപം…………..

പ്രിയമുള്ളവരേ,

കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- ‘മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി”

സ്നേഹപൂർവ്വം,
വി.എ ശ്രീകുമാര്‍

shortlink

Related Articles

Post Your Comments


Back to top button