‘ഒരു മറവത്തൂര്‍ കനവ്’ എന്ന തന്റെ ആദ്യ ചിത്രം തന്നെ വലിയ വിജയമാക്കിയ ലാല്‍ ജോസ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് ചില തീരുമാനങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ടായിരുന്നു. ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ കിട്ടിയാല്‍ മാത്രമേ താന്‍ ആദ്യ സിനിമ സംവിധാനം ചെയ്യുന്നുള്ളൂവെന്നായിരുന്നു സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവരോടുള്ള ലാല്‍ ജോസിന്റെ മറുപടി.അങ്ങനെ ഒരു പ്രോജക്റ്റ് തന്റെ മുന്നില്‍ വന്നപ്പോള്‍ ശ്രീനിവാസന്‍ എഴുതാമെങ്കില്‍ താന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. നിര്‍മ്മാതാവ് ശ്രീനിവാസനെ സമീപിച്ചപ്പോള്‍ ലാല്‍ ജോസിനു വേണ്ടിയാണെങ്കില്‍ തിരക്കഥ നല്‍കാമെന്നു വാക്കും നല്‍കി. അങ്ങനെയാണ് ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ ‘മറവത്തൂര്‍ കനവ്’ സംഭവിക്കുന്നത്.
‘ഒരു മറവത്തൂര്‍ കനവ്’ ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന്‍ കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന്‍ കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില്‍ വന്നു കൃഷി ആരഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള്‍ അവര്‍ക്ക് തുണയായി ജയറാമിന്റെ അനിയന്‍ കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യ വേഷത്തില്‍ ശോഭനയെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാല്‍ ജോസ് ജയറാമിനോട് കഥ പറയാന്‍ ആരഭിച്ചപ്പോള്‍ തന്നെ ഈ പ്രോജക്റ്റ് ഈ കാസ്റ്റിംഗില്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ജയറാമിന് മുന്നില്‍ കഥ പറയാനിരുന്ന ലാല്‍ ജോസിനോട് ജയറാം പറഞ്ഞത്, ‘നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല’. ശ്രീനിവാസന്‍ എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച ജയറാമിന്‍റെ അഭിപ്രായത്തെ ലാല്‍ ജോസ് മറ്റൊരു രീതിയില്‍ എടുത്തത് ആ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ കാരണമായി. ഒരു സംവിധായകനില്‍ വിശ്വാസമില്ലാതെ തിരക്കഥാകൃത്തിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഈ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു ലാല്‍ ജോസിന്റെ നിലപാട്.
Post Your Comments