മമ്മൂട്ടിയ്ക്ക് ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടിയായിരുന്നു ഹീറോ. താന്‍ ആദ്യമായി സംവിധായകനായപ്പോള്‍ ലോഹിതദാസ് തന്റെ അസോസിയേറ്റായി ക്ഷണിച്ചത് അന്നത്തെ കമലിന്റെ സഹസംവിധായകനായ ലാല്‍ ജോസിനെയായിരുന്നു. ലാല്‍ ജോസ് സിനിമയില്‍ ജോയിന്‍ ചെയ്ത അവസരത്തില്‍ ലോഹിതദാസ് സ്ക്രിപ്റ്റ് വായിക്കാനായി നല്‍കി ഭൂതക്കണ്ണാടിയുടെ ആദ്യഭാഗം തിരക്കഥാരൂപത്തില്‍ വായിച്ച ലാല്‍ ജോസിനു ചെറിയൊരു അപകടം മണത്തു. ലോഹിതദാസ് ഇതിനു മുന്‍പ് രചന നിര്‍വഹിച്ച ‘ഉദ്യാനപാലകന്‍’ എന്ന സിനിമയുമായി സാമ്യമുള്ള മറ്റൊരു തിരക്കഥയായി മാത്രമേ തനിക്ക് ഇത് തോന്നുള്ളൂവെന്നായിരുന്നു ലാല്‍ ജോസിന്റെ മറുപടി.
തിരക്കഥ തിരികെ വാങ്ങിയ ശേഷം നാളെ സംസാരിക്കാമെന്ന് പറഞ്ഞു ലോഹിതദാസ് മുറിയിലേക്ക് പോയി. വലിയ ഒരു തിരക്കഥാകൃത്തിനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന ഭാവവുമായി ലാല്‍ ജോസും അവിടെ നിന്ന് യാത്രയായി.അടുത്ത ദിവസം ലാല്‍ ജോസ് വീണ്ടുമെത്തിയപ്പോള്‍ ലോഹിതദാസ് താന്‍ എഴുതിയ സിനിമയുടെ പുതിയ നാല് സീനുകള്‍ ലാല്‍ ജോസിനു വായിക്കാന്‍ നല്‍കി. ഇത് അതിമനോഹരം എന്ന മറുപടി നല്‍കി ലാല്‍ ജോസ് ലോഹിതദാസിന്റെ എഴുത്തിനെ അനുമോദിച്ചു. താന്‍ ഇന്നലെ മോശമെന്ന് പറഞ്ഞ തിരക്കഥ അവിടെ കീറികിടക്കുന്നത് കണ്ടപ്പോള്‍ ഏതൊരു കലാകാരനും സ്വയം പരിമിതികളെ തിരിച്ചറിയുമ്പോഴാണ് അനുഗ്രഹീത കലാകാരനായി മാറുന്നത് എന്ന ചിന്താബോധം ലാല്‍ ജോസില്‍ തളംകെട്ടി.
Post Your Comments