‘മാന്ത്രികം’ എന്ന സിനിമയില്‍ ഒരു ഡാന്‍സറുടെ വേഷത്തില്‍ മലയാള സിനിമയില്‍ എന്ട്രി ചെയ്ത വിനായകന്‍ പിന്നീട് തന്റെ അഭിനയ മേന്മ കൊണ്ട് പുതിയ ചരിത്രങ്ങള്‍ മോളിവുഡില്‍ എഴുതി ചേര്‍ക്കുകയായിരുന്നു. വിനായകനെ സിനിമയിലേക്ക് കൊണ്ടുവരാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
‘എന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ ഒരു കല്യാണ ആഘോഷ പാര്‍ട്ടിയില്‍ എനിക്ക് യാദൃച്ഛികമായി പങ്കെടുക്കേണ്ടി വന്നു. അതൊരു ബാച്ച്ലര്‍ പാര്‍ട്ടിയായിരുന്നു. അവിടെ വച്ചാണ് വിനായകനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത്. മൈക്കില്‍ ജാക്സണെ പോലെ ഒരു ഇടിവെട്ട് അവതാരം. അയാളുടെ നൃത്തം ആ സദസ്സിനെ ആവേശത്തിലാക്കിയിരുന്നു. എന്റെ മനസ്സില്‍ അയാളുടെ മുഖം ഉടക്കി കിടന്നിരുന്നു. ഞാന്‍ ‘മാന്ത്രികം’ എന്ന മോഹന്‍ലാല്‍ സിനിമയുടെ അസോസിയേറ്റായി ജോയിന്‍ ചെയ്യുമ്പോള്‍ അതില്‍ ഒരു കഥാപാത്രത്തെ ആവശ്യമുണ്ടായിരുന്നു. ഒരു ഡാന്‍സര്‍ കഥാപാത്രം, അവിടെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്സ്റ്റുകളില്‍ ആര്‍ക്കും തന്നെ ആ വേഷം ചെയ്യാന്‍ കഴിയുന്ന ഒരു ലുക്ക് ഇല്ലെന്നു എനിക്ക് തോന്നിയത് കൊണ്ട് ഞാന്‍ ചിത്രത്തിന്റെ സംവിധായകനോട് ഇന്നലെ ഒരാളെ കണ്ടുമുട്ടിയ കാര്യം അറിയിച്ചു. അങ്ങനെയൊരാള്‍ ലാലുവിന്റെ മനസ്സില്‍ ഉണ്ടേല്‍ കൊണ്ടുവരാന്‍ തമ്പി സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉടനെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ഇന്നലെ ബാച്ച്ലര്‍ പാര്‍ട്ടിക്കിടെ കണ്ട ആ മൈക്കിള്‍ ജാക്സന്റെ ഡ്യൂപ്പിനെ ഈ വിവരമൊന്നു അറിയിച്ചു എത്രയും പെട്ടെന്ന് ട്രെയിനില്‍ ഒന്ന് കയറ്റി വിടാമോ എന്ന് ചോദിച്ചു, ചിലപ്പോള്‍ ആ ചങ്ങാതിയുടെ സമയം തെളിയുമെന്ന് ഞാന്‍ അന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. അതായിരുന്നു വിനായകന്റെ സിനിമയിലേക്കുള്ള ആദ്യ എന്റ്രി’.
Post Your Comments