വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതിഹാസ നോവലായ ‘മതിലുകള്‍’ സിനിമയായപ്പോള്‍ അതിലെ നായകനായത് മമ്മൂട്ടിയായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തെ വൈക്കം മുഹമ്മദ് ബഷീറിന്റെ ജയില്‍വാസമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന്റെ ക്ലാസിക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം നിരവധി ദേശീയ- അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ‘മതിലുകള്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കിടുകയാണ് പ്രമുഖ നടനും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുകയും ചെയ്ത ബാബു നമ്പൂതിരി.
‘എനിക്ക് വലിയ അഭിനയ പ്രധാന്യമുള്ള കഥാപാത്രമൊന്നുമായിരുന്നില്ല ‘മതിലുകള്‍’ എന്ന സിനിമയില്‍ ഉണ്ടായിരുന്നത്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ വ്യത്യസ്തമായ സംവിധാന പരിചരണരീതി പഠിക്കാന്‍ കഴിഞ്ഞു. അതില്‍ അഭിനയിക്കുന്ന ഒരു ചെറിയ നടന്‍ പോലും ആ ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ സിനിമയിലെ കോസ്റ്റ്യൂം ധരിച്ചു നില്‍ക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അയാളുടെ രംഗമെടുത്താലും ഇല്ലെങ്കിലും ചിത്രീകരണ വേഷത്തില്‍ തന്നെ അയാള്‍ തന്റെ കണ്മുന്നില്‍ ഉണ്ടാകണമെന്നത് അടൂര്‍ സാറിനു നിര്‍ബന്ധമായിരുന്നു. ആര്‍ട്ടിസ്സ്റ്റുകളും ടെക്നീഷ്യന്മാരും സെറ്റിലുള്ള സൗകര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടോണം. അത് മമ്മൂട്ടിയായാലും അങ്ങനെ തന്നെയാണ്. മമ്മൂട്ടിയ്ക്ക് അന്നേ എസി ഘടിപ്പിച്ച വാഹനത്തില്‍ ഇരിക്കാനുള്ള സ്റ്റാര്‍ പവറൊക്കെയുണ്ട്. പക്ഷെ അടൂര്‍ സാര്‍ അതൊന്നും അനുവദിച്ചിരുന്നില്ല’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബാബു നമ്പൂതിരി ‘മതിലുകള്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
Post Your Comments