ചെയ്യുന്ന തൊഴിലിനെ അതിന്റെ ആത്മാര്‍ഥതയോടെ കണ്ട താരമായിരുന്നു സില്‍ക്ക് സ്മിതയെന്നു സംവിധായകന് ലാല്‍ ജോസ്. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് സില്‍ക്ക് സ്മിതയെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്. സ്മിത എന്ന അഭിനയ പ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ‘കിരീടമില്ലാത്ത രാജാക്കന്മാര്’ എന്ന സിനിമയുടെ ലൊക്കേഷനും സില്‍ക്ക് സ്മിതയുടെ പ്രൊഫഷണലിസം എന്തെന്ന് മനസിലാക്കി തരുന്ന ഒരു സംഭവവുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് ലാല്‍ ജോസ് പറയുന്നു.
‘ ‘കിരീടമില്ലാത്ത രാജാക്കന്മാര്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവര്‍ വേറെ ആരോടും അങ്ങനെ സംസാരിച്ചിരുന്നില്ല. എന്നോട് മാത്രമാണ് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നത്. അവര്‍ സെറ്റില്‍ എന്നോട് മാത്രമാണ് ‘ഗുഡ് മോണിംഗ്’ ഒക്കെ പറഞ്ഞിരുന്നത്, പലര്‍ക്കും അത് കണ്ടപ്പോള്‍ അസൂയ തോന്നിയിരുന്നു. ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരുടെ പ്രൊഫഷണലിസത്തിലെ ആത്മാര്‍ത്ഥതയെക്കുറിച്ച് പറയാതിരിക്കാനാവില്ല. എന്നോട് അവര്‍ പറഞ്ഞു താന്‍ ഉള്‍പ്പെടുന്ന സീനുകള്‍ എടുക്കുമ്പോള്‍ നേരത്തെ അറിയിക്കണം എന്ന്, കാരണം എന്തെന്നാല്‍ അവര്‍ക്ക് മൂന്ന് നാലു മണിക്കൂറുകള്‍ മുന്‍പേ മേക്കപ്പ് ചെയ്യാന്‍ വേണ്ടിയായിരുന്നു. അവരുടെ സ്കിന്‍ കളര്‍ ചെയ്യാന്‍ അത്രത്തോളം സമയം ആവശ്യമായിരുന്നു. അടുത്ത ദിവസം ഞാന്‍ അവരോട് ഒരു മണിക്ക് റെഡിയായി ഇരിക്കാന്‍ പറഞ്ഞു. പക്ഷെ ആ സിനിമയിലെ നായികയായ ആനിയ്ക്കും അതില്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ച ജഗദീഷേട്ടനും ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പോകേണ്ടതിനാല്‍ അവരുടെ ഭാഗങ്ങള്‍ കൂടുതലായി ചിത്രീകരിച്ചതിനാല്‍ സില്‍ക്ക് സ്മിതയുടെ രംഗങ്ങള്‍ വൈകി. ഞാന്‍ ഒരു മണിയാണ് അവരോടു പറഞ്ഞത്. പക്ഷെ ഒരു മണിക്ക് സില്‍ക്ക് സ്മിത ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഞാന്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പ്രൊഡക്ഷനിലുള്ള ഒരു അസിസ്സന്റിനെ കാര്യം അറിയിക്കാന്‍ പറഞ്ഞുവിട്ടു. പക്ഷെ അവന് അത് പറയാനുള്ള പേടി കൊണ്ട് അവിടെ വരെ പോയിട്ട് തിരിച്ചു വന്നു. അന്ന് വൈകുന്നേരമൊക്കെ ആയപ്പോള്‍ സില്‍ക്ക് സ്മിത ലൊക്കേഷനിലേക്ക് വന്നു. എന്നിട്ട് എന്നോട് അതിനെക്കുറിച്ച് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘അമ്മാ ഞാന്‍ ഒരാളെ പറഞ്ഞു അയച്ചിരുന്നു, പക്ഷെ അവന് കാര്യം പറയാതെ തിരിച്ചു വന്നു’ . അങ്ങനെ സില്‍ക്ക് സ്മിത അവിടെ നിന്ന് പോകാന്‍ നേരം സംവിധായകനായ അന്‍സാര്‍ ഇക്കയോട് പറഞ്ഞു. ‘ഞാന്‍ ഒരുമണിക്ക് മേക്കപ്പ് ചെയ്തു റെഡിയായി ഇരിക്കുവായിരുന്നു’. സില്‍ക്ക് സ്മിത പറഞ്ഞതിലെ അര്‍ഥം മനസ്സിലാക്കാതെ അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു . ‘ഓ ഒരുമണിക്ക് റെഡിയായോ വെരി ഗുഡ് വെരി ഗുഡ്’. അന്‍സാര്‍ ഇക്കയുടെ മറുപടി സില്‍ക്ക് സ്മിതയ്ക്ക് പിടിച്ചില്ല. അവര്‍ പിന്നെ പൊട്ടിത്തെറിച്ചു സംസാരിക്കുന്നതാണ് ഞാന്‍ കണ്ടത്’.
Post Your Comments