മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ സ്ഫടികത്തിലെ ആട് തോമ എന്ന കഥാപാത്രം ഉണ്ടാക്കിയ ഒരു ആവേശം മറ്റൊരു കഥാപാത്രങ്ങളും നല്‍കിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അത് കൊണ്ട് തന്നെയാണ് പലരുടെയും ഏറ്റവും ഇഷ്ടപ്പെട്ട ആക്ഷന്‍ സിനിമകളില്‍ ‘സ്ഫടികം’ എന്ന ചിത്രം ഒന്നാമതായി ഉള്‍പ്പെടുന്നത്. അടുത്തിടെ സുചിത്ര മോഹന്‍ലാലും മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആക്ഷന്‍ സിനിമയാണ് സ്ഫടികം എന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ‘സ്ഫടികം’ എന്ന സിനിമയ്ക്ക് മുന്‍പേ ഭദ്രന് പ്ലാന്‍ ചെയ്തിരുന്നത് മറ്റൊരു ബിഗ് ബജറ്റ് സിനിമയായിരുന്നു. ‘സൗപര്‍ണികം’ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും നെടുമുടി വേണുവുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. സംഗീതപ്രാധാന്യമുള്ള ചിത്രം പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
ഒരു ടിവി മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ‘സൗപര്‍ണികം’ എന്ന ചിത്രത്തെക്കുറിച്ചും അത് നടക്കാതെ പോയ സാഹചര്യത്തെക്കുറിച്ചും ഭദ്രന് പറഞ്ഞത്
‘മോഹന്‍ലാലിനെയും നെടുമുടി വേണുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഞാന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ‘സൗപര്‍ണികം’. സംഗീതപ്രാധാന്യമുള്ള ചിത്രം പഴയകാലഘട്ടത്തിന്റെ കഥ പറയാനായിരുന്നു തീരുമാനിച്ചത്. ആ സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി ഞാന്‍ അത്രത്തോളം സമയം ചെലവഴിച്ചിരുന്നു. അത് ചെയ്യാനായി ഞാന്‍ ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ‘കാലാപാനി’ എന്ന ചിത്രം ചെയ്തു കഴിഞ്ഞ സമയമായത് കൊണ്ട് വീണ്ടുമൊരു പഴയ കാലഘട്ടത്തിന്റെ കഥയിലേക്ക് പോകാന്‍ താല്പര്യം കാണിച്ചില്ല. പകരമായി ചേട്ടന് അന്ന് പറഞ്ഞ ‘ആട് തോമ’യുടെ കഥ നമുക്ക് ‘ഉടനെ ചെയ്താലോ’ എന്ന് ചോദിച്ചു. ‘സ്ഫടിക’ത്തിന്റെ തിരക്കഥയും ഞാന്‍ പൂര്ത്തിയാക്കിവെച്ചിരുന്നത് കൊണ്ട് ആ സിനിമ തന്നെ നെക്സ്റ്റ് ചെയ്യാമെന്നെ രീതിയില്‍ ഞാനും കൈ കൊടുക്കുകയായിരുന്നു’.
Post Your Comments