സിനിമ പരാജയം ആണെങ്കില്‍ ആ സിനിമ മറന്നു കളയുന്ന ചിലരുണ്ടെന്നു സംവിധായകന്‍ വിനയന്‍, സീരിയല്‍ രംഗത്ത് നിന്ന് താന്‍ സിനിമയിലേക്ക് കൊണ്ട് വന്ന അനൂപ് മേനോന്‍ എന്ന നടന് തന്റെ ആദ്യ ചിത്രം ‘കാട്ടുചെമ്പകം’ ആണെന്ന് പറയാന്‍ മടിയുണ്ടെന്ന് തുറന്നു പറയുകയാണ് വിനയന്‍, മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ ‘തിരനോട്ടം’ പുറത്തിറങ്ങിയില്ലെങ്കിലും മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായി എവിടെയും പറയാറുള്ളത് തിരനോട്ടത്തെക്കുറിച്ച് ആണെന്നും വിനയന്‍ പറയുന്നു.
വിനയന്റെ വാക്കുകള്‍
‘കാട്ടുചെമ്പകം’ എന്ന സിനിമയില്‍ എനിക്ക് ഫിസിക്കല്‍ ആയി ഫിറ്റായ ഒരാളെ വേണമായിരുന്നു, ചിത്രത്തില്‍ അത്തരത്തിലുള്ള സീനുകള്‍ ഒരുപാട് ഉണ്ട്. ഗെറ്റപ്പില്‍ മുടിയൊക്കെ പറ്റയടിച്ച് കുറച്ചു റഫ് ആയിട്ടുള്ള കഥാപാത്രമായിരുന്നു അത്. റോപ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന റിസ്ക് ഏറിയ കഥാപാത്രം, അനൂപ് മേനോന്‍ ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സീരിയലില്‍ നിന്നാണ് ഞാന്‍ അനൂപിനെ കണ്ടെത്തുന്നത്. ‘കാട്ടുചെമ്പകം’ പരാജയമായത് കൊണ്ടാകണം അനൂപ് മേനോന് അത് തന്റെ ആദ്യ ചിത്രമെന്ന് പറയാന്‍ മടിയുള്ളതായി തോന്നിയിട്ടുണ്ട്. എത്ര പരാജയമായാലും അങ്ങനെ വിസ്മരിക്കപ്പെടാന്‍ പാടില്ല. മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായി എവിടെയും പറയുന്നത് ‘തിരനോട്ടം’ എന്ന സിനിമയെക്കുറിച്ചാണ് അത് പുറത്തിറങ്ങാത്ത സിനിമയായിട്ടും മോഹന്‍ലാല്‍ അത് പറയും, തന്റെ രണ്ടാമത്തെ ചിത്രം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടും മോഹന്‍ലാല്‍ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തെക്കുറിച്ച് പറയാറുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
Post Your Comments