ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ ‘ ഒരു മറവത്തൂര്‍ കനവ്’ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ദിവ്യ ഉണ്ണിയായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിവ്യ ഉണ്ണിക്ക് അധികം വൈകാതെ തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നായികയാകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികായി അഭിനയിച്ച ദിവ്യ ഉണ്ണിയെ തന്റെ നായികയാക്കിയതില്‍ മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണത്തെക്കുറിച്ച് ലാല്‍ ജോസ് പറയുന്നതിങ്ങനെ.
‘മറവത്തൂര്‍ കനവ്’ എന്ന സിനിമയില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്കയ്ക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ദിവ്യ ഉണ്ണി കോളേജില്‍ പഠിച്ചതാണ്. അത്രയും ചെറിയ ഒരു കുട്ടി എന്റെ നായികയായി വരുമ്പോള്‍ പ്രേക്ഷകര്‍ അത് അംഗീകരിക്കില്ല എന്ന് മമ്മുക്ക പറഞ്ഞു. ദിവ്യ ഉണ്ണിക്ക് പകരം തമിഴ് താരം റോജയാണ് മമ്മുക്ക സജസ്റ്റ് ചെയ്തത്. പക്ഷെ ഞങ്ങള്‍ ദിവ്യ ഉണ്ണിക്ക് അഡ്വാന്‍സ് കൊടുത്തു കഴിഞ്ഞിരുന്നു. അതുമല്ല ഈ സിനിമയില്‍ ദിവ്യ ഉണ്ണിക്ക് മമ്മുക്കയുമായി അങ്ങനെയൊരു ലവ് സീന്‍ ഒന്നും ഉണ്ടായിരുന്നില്ല. പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ഇഷ്ടം മാത്രമാണ് ആ സിനിമയില്‍ ആനിക്ക് ചാണ്ടിയോട് ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ ഇഴുകി ചേര്‍ന്നുള്ള പ്രണയരംഗങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് മമ്മുക്കയും ദിവ്യ ഉണ്ണിയും തമ്മിലുള്ള പ്രായ വ്യത്യാസം ഒരു പ്രശ്നമാകില്ല എന്നത് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണിയെ നായികാക്കിയതില്‍ മമ്മൂട്ടി ഖേദം രേഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ലാല്‍ ജോസ് പങ്കുവെച്ചത്.
Post Your Comments