ജയരാജിന്റയെ സംവിധാനത്തിൽ 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫോര്‍ ദി പീപ്പിള്‍. പുതുമുഖ താരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ മാത്രം തിയേറ്ററില്‍ വിജയം നേടിയിരുന്ന അക്കാലത്ത് ഫോര്‍ ദ പീപ്പിള്‍ ഗംഭീര വിജയമായിരുന്നു. ഇതിന് പിന്നിൽ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. അതിൽ ഒന്നാമത്തെ ജാസി ഗിഫ്റ്റ് എന്ന പുതുമുഖ സംഗീത സംവിധായകന് തന്നെയാണ്. അദ്ദേഹം തന്നെ പാടിയ ലജ്ജാവതിയേ, അന്നക്കിളി നീയെന്നിലേ എന്നീ ഗാനങ്ങള്‍ അന്ന് തിയേറ്ററില്‍ തരംഗം സൃഷ്ടിച്ചു.
ചിത്രത്തിന്റയെ ഓഡിയോ കാസറ്റുകളും ചൂടപ്പം പോലെയാണ് വിറ്റു പോയത്. രണ്ടാമതായി ജയരാജ് എന്ന സംവിധായകന്റെ വേറിട്ട കഥ പറച്ചിലാണ്. മലയാള സിനിയുടെ ചരിത്രത്തില്‍ അതൊരു പുതിയ ശൈലിയ്ക്ക് തുടക്കമിടുകയായിരുന്നു. ചിത്രം ഇറങ്ങി 5 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തെക്കുറിച്ച് പി.ജെ സുജാന്ത് കുമാര്‍ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം………………….
2004. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (അന്ന് തൃശ്ശൂരിലെ രാംദാസ് തിയേറ്ററിലെ സ്ക്രീനുകള്‍ ഇന്നത്തെപ്പോലെ രണ്ടാക്കിയിട്ടില്ല). തിയേറ്റര്‍ മുഴുവന്‍ കൗമാരക്കാരക്കാര്‍ നിറഞ്ഞിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍, എന്‍ഡ് ക്രെഡിറ്റ്സ് സ്ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘ലജ്ജാവതിയെ’ എന്ന പാട്ട് വച്ചു. ആണ്‍കുട്ടികളുടെ ഒരു വലിയ കൂട്ടം ആ വലിയ പ്രൊജക്ഷന് സ്ക്രീനിന് മുന്നിലേക്ക് ഓടിക്കയറി. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കണം പ്രേക്ഷകര്‍ പാട്ടിനൊപ്പം ചുണ്ടനക്കി ഇങ്ങനെ പാടുന്നത്. ‘വാച്ച വാച്ച’ എന്ന ആദ്യത്തെ മല്ലു റാപ്പിന്റെ അര്‍ഥംപോലും അറിയാതെ…. അവര്‍ അവരുടെ ഷര്‍ട്ടൂരി പാട്ടിന്റെ താളത്തിനൊപ്പം വീശി.
ഇതുപോലൊരു വൈകാരികമായ ഗാനം(പക്ഷെ, അതു വരിക ഒരു വ്യാഴവട്ടത്തിനിടയില്‍ ആയിരിക്കും) നിങ്ങളുടെ കോളേജ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, നിങ്ങളുടെ ആ ദിവസങ്ങള്‍ അതിഗംഭീരമായിരിക്കും. ഞാന്‍ ഭാഗ്യവാനാണ്. ആ വലിയ സ്ക്രീനിനു മുന്നില്‍ ഷര്‍ട്ടൂരി വീശിയ ആ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
ലജ്ജാവതിയേ…!!! ഫോര്‍ ദ പീപ്പിളിന്റെ അതിഗംഭീര വിജയത്തിനു പിന്നില്‍ ഈ അതിമനോഹരമായ ഗാനമല്ലാതെ മറ്റൊന്നുമില്ല.
Post Your Comments