ആദ്യകാല മലയാള സിനിമയിലെ അതുല്യ നടന്മാരില് ഒരാളായിരുന്നു ശങ്കരാടി.
ചന്ദ്രശേഖര മേനോന് എന്നാണ് അദ്ദേഹത്തിന്റയെ യഥാർത്ഥ പേര്. കേരളത്തിലെ റിയലിസ്റ്റിക് നടന്മാരില് പ്രധാനിയായ ശങ്കരാടി 700 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ അതുല്യ കലാകാരൻ മരിച്ചിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 2001 ഒക്ടോബര്‍ എട്ടിനായിരുന്നു താരം അന്തരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിൽ.
ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………………………………
മലയാള സിനിമയിലെ നാട്ടുകാരണവർ ചന്ദ്രശേഖരന് മേനോന് എന്ന ശങ്കരാടിയുടെ വിടവാങ്ങലിന് ഇന്ന് 18 വർഷം തികയുന്നു. ഇത്രയേറെ ഗ്രാമീണത്വം നിറഞ്ഞ മുഖം സിനിമയിലുണ്ടാവുകയില്ല, അത്ര പരിചിതമായിരുന്നു മലയാളിക്ക് ആ മുഖം. രസികത്വം നിറഞ്ഞ ആ നാട്ടുകാരണവര്‍ തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ഓരോ വേഷവും വ്യത്യസ്തമാക്കി. വഴക്കം ചെന്ന അഭിനയ പാടവം കൊണ്ട് ഒരു പിടി ജീവനുള്ള കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച ശങ്കരാടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.
വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ൽ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീവിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് (CPI) പാർട്ടിയിൽ ചേർന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടക സംഘത്തിൽ എത്തുന്നത്.
സാംസ്കാരിക പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ്പാർട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നൽകിയിരുന്ന ഒരു കാലമായിരുന്നു അത്.
1960 ലെ ചില നാടക അഭിനയമാണ് ശങ്കരാടിയെ ചലച്ചിത്ര ജീവിതത്തിലേക്ക് കൊണ്ടു വന്നത്. നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ഇരുട്ടിന്റെ ആത്മാവിലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. ചന്ദ്രശേഖരമേനോൻ എന്ന പേരിൽ നിന്നും തറവാട്ടു പേരായ ‘ശങ്കരാടി’ എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. ശങ്കരാടിയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്, കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകൾ. 80കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായ കഥാപാത്രങ്ങളുടെ റോളുകൾ ആയിരുന്നു.
1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്. അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാബൂളിവാല, ഗോഡ്ഫാദർ, കിരീടം, സന്ദേശം, ചെങ്കോൽ, മദനോത്സവം, ഏണിപ്പടികൾ, കളിക്കളം, തൂവൽകൊട്ടാരം, വിയറ്റ്നാം കോളനി, മഴവിൽക്കാവടി, മിഥുനം, തലയനമന്ത്രം, ബോയിങ് ബോയിങ്, ഹിസ് ഹൈനെസ്സ് അബ്ദുല്ല, അനുബന്ധം, റാംജിറാവ് സ്പീകിംഗ്, നാടോടിക്കാറ്റ്, താഴ്വാരം എന്നിവയിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. കാബൂളി വാലയിലെ ചായക്കടക്കാരന് നായരെ മലയാളിക്ക് ഒരു കാലത്തും മറക്കാന്‍ കഴിയില്ല. ഗോഡ്ഫാദറിലെ ശങ്കരാടിയുടെ വക്കീല്‍ പ്രേക്ഷകരെ മുഴുവന്‍ ചിരിപ്പിച്ചു. കാസര്‍ഗോഡ് കാദര്‍ഭായിയിലെ പച്ചാളം പാപ്പച്ചനേയും ആര്‍ക്കാണ് മറക്കാനാവുക. തലയണമന്ത്രത്തില്‍ സുകുമാരിയുടെ ഭര്‍ത്താവായ തങ്കപ്പനായിട്ടാണ് ശങ്കരാടി വേഷമിട്ടത്. കിരീടത്തില്‍ സേതുമാധവന് കുറ്റവാളിയാകുമ്പോള്‍ സ്വന്തം മകളുടെ നന്മ മാത്രം നോക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ അച്ഛനായി. തമ്മില്‍ തമ്മിലെ ഇത്തിരി നാണം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഗാനനരംഗത്തില് അഭിനയിച്ച റഹ്മാനെക്കാള്‍ ഓര്‍മ്മ വരിക ശങ്കരാടിയെയാണ്.
സത്യന് അന്തികാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി എന്ന നടന് . ‘’അതായത് വർഗാതിപത്യവും കൊലോനിയളിസ്റ്റ് ചിന്താ സരനികളും… റാഡിക്കല്‍ ആയിട്ടുള്ള മാറ്റം അല്ല… ഇപ്പൊ മനസ്സിലായോ..’’ എന്ന് തുടങ്ങുന്ന ‘സന്ദേശ’ത്തിലെ കുമാര പിള്ള സാറായി അഭിനയിച്ച ശങ്കരാടിയുടെ ഡയലോഗ് ഏറെ പ്രശസ്തമാണു. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാള പ്രേക്ഷകരുടെ മനസിൽ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ടിച്ചു.. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ് എന്ന് സത്യന് അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.
തന്റെ മരണം വരെ അഭിനയം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്.
നാടകത്തില്‍നിന്ന് സിനിമയിലെത്തുന്ന നടന്മാര്ക്ക് സാധാരണയുണ്ടാകുന്ന നാടകത്തിന്റെ ഹാങ്ഓവര്‍ ശങ്കരാടിയെ തൊട്ടുതെറിച്ചിരുന്നില്ല, റിയലിസ്റ്റിക്കായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു ശങ്കരാടി. മലയാളത്തില്‍ സ്വഭാവനടന്‍ എന്ന് നൂറു ശതമാനവും വിശേഷിപിക്കാന്‍ കഴിയുന്ന ഒരേയൊരു നടന് ശങ്കരാടിയായിരുന്നു. ഏതു റോളിലഭിനയിച്ചാലും ജീവിതത്തില്‍ നമുക്കടുത്തറിയാവുന്ന ഒരാളെന്ന അനുഭവമുണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്രയും ലളിതമായി ജീവിച്ച ഒരു നടൻ മലയാളത്തിലുണ്ടായിട്ടില്ല
1980ൽ അമ്പത്തിരണ്ടാം വയസ്സിൽ ശാരദയെ അദ്ദേഹം തന്റെ ജീവിതസഖിയാക്കി. ഇവർക്ക് കുട്ടികളില്ല. മലയാളിയ്ക്ക് ഓർത്തെടുക്കാൻ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബർ 9 നു ശങ്കരാടി വിടപറഞ്ഞു. ഇന്നും മലയാളിക്ക് ചിരിക്കാനും ചിന്തിക്കാനും ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചു ഈ അതുല്യ പ്രതിഭ മറയുമ്പോള്‍ നികത്താന്‍ കഴിയാത്ത ഒരു ശൂന്യത മലയാള സിനിമയില്‍ ഒഴിഞ്ഞു കിടക്കുന്നു.
Post Your Comments