വ്യത്യസ്തമായ ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായകരിലൊരാളാണ് ബിജു നാരായണന്. പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശ്രീലതയെയായിരുന്നു ബിജു നാരായണന് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
എന്നാൽ അടുത്തിടെയായിരുന്നു ശ്രീലത വിടവാങ്ങിയത്. കാന്‍സര്‍ രോഗമായിരുന്ന ശ്രീലതയുടെ അവസാനസമയത്തെ ആഗ്രഹങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു ബിജു നാരായണന്.
എന്നാല്‍ മുന്‍പൊരിക്കല്‍ ശ്രീലത പറഞ്ഞ ഒരാഗ്രഹം തനിക്ക് സാധിപ്പിച്ചു കൊടുക്കാനായില്ലെന്നാണ് ബിജു നാരായണന് ഇപ്പോൾ പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ബിജു നാരായണന് ഈ കാര്യം പറയുന്നത്.
ഏത് ദു:ഖത്തേയും അതിജീവിക്കാന്‍ സംഗീതത്തിന് കഴിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പലരും പറയാറുണ്ട്. എന്നാല്‍ ഈ സപ്പോര്‍ട്ട് കൊണ്ട് താങ്ങാന്‍ കഴിയുന്നതല്ല അത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണയുണ്ട്. 21 വര്‍ഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അതിനും 10 വര്‍ഷം മുന്‍പുള്ള ബന്ധമാണ് തങ്ങളുടേതെന്നും ബിജു നാരായണന് പറയുന്നു. 31 വര്‍ഷമായിട്ടുള്ള ബന്ധമാണ്. പ്രീഡിഗ്രിയും ഡിഗ്രിയും ഒരേ ക്ലാസിലായിരുന്നു. അത് കഴിഞ്ഞ് അവള് എല്‍എല്‍ബിക്ക് പോയിരുന്നു. അത് കഴിഞ്ഞ് എംഎയും ഒരുമിച്ചിരുന്നു. അത്രയും വലിയൊരു ബന്ധം പെട്ടെന്നൊരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് വലിയ ആഘാതമാണ്.
ഒരു വര്‍ഷമായി അസുഖാവസ്ഥയിലായിരുന്നു. ഡോക്ടര്‍ തന്നെ അതേക്കുറിച്ച് പറഞ്ഞിരുന്നു. ഇത് മാറില്ല, പിന്നെ പരമാവധി സമയം നീട്ടിക്കിട്ടുകയെന്ന കാര്യം മാത്രമേ ചെയ്യാനാവുള്ളൂയെന്ന് പറഞ്ഞിരുന്നു. മറ്റൊരു പ്രതീക്ഷയും വെക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താനും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഇതേക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു.
താന്‍ നല്ലൊരു അച്ഛനാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രീലത തന്നെയായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പരിപാടികളും റെക്കോര്‍ഡിംഗുകളുമൊക്കെയായി താന്‍ പുറത്തായിരിക്കും. ബന്ധങ്ങള്‍ നല്ല രീതിയിലുണ്ടെങ്കിലും അവരെല്ലാം അമ്മയോടായിരുന്നു പറയാറുള്ളത്. ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടാണല്ലോ അടുപ്പം. സൂര്യനായിത്തഴുകിയെന്ന ഗാനം പാടുമ്പോള്‍ പലപ്പോഴും താന്‍ പറയാറുണ്ട് , തന്റെ മക്കള്‍ക്ക് അമ്മയോടാണ് കൂടുതല്‍ അറ്റാച്ച്മെന്റ് എന്ന്. നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് താന്‍. അത് വിജയിക്കും എന്നുറപ്പുണ്ട് ബിജു നാരായണന് പറയുന്നു.
Post Your Comments