തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പിനെതിരെ പരാതിയുമായി സംവിധായകന് ലാല്‍ജോസ്. പുതിയ ചിത്രത്തിന്റെ തിരക്കിനിടെയാണ് ഇങ്ങനെയൊരു സംഭവമെന്നും അതിനിടെ വക്കീല്‍ ഓഫീസും പോലീസ് കമ്മീഷ്ണര്‍ ഓഫീസും കയറി ഇറങ്ങേണ്ട അവസ്ഥയാണെന്നും ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
രക്ഷിതാക്കള്‍ സൂക്ഷിക്കുക എന്ന വാചകത്തോടെയാണ് ലാല്‍ ജോസിന്റെ വ്യാജ ശബ്ദസന്ദേശം പ്രചരിക്കപ്പെട്ടത്. സിനിമാ ഷൂട്ടിങ്ങിനിടെ വിനോദ സഞ്ചാര മേഖലകളായ തൃശ്ശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളുമെത്തി മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. ‘ അധ്യാപക കൂട്ടം’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണെന്ന് അവകാശപ്പെട്ടാണ് ഈ ഓഡിയോ പ്രചരിക്കുന്നത്.
ലാല്‍ജോസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്സ് ക്ലിപ്പിനെതിരെ ഞാന്‍ നല്കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്.
മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന് റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി.
വികൃതിയുടെ സംവിധായകന് എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍ …
Post Your Comments