ജോലി സമയത്ത് കൂട്ടത്തോടെ സിനിമ കാണാൻ പോയ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചിരഞ്ജീവി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം സെയ്റ നരസിംഹ റെഡ്ഡിയുടെ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കാണ് ഇവർ ഏഴ് പേരും പോയത്. ആന്ധ്രപ്രദേശിലാണ് സംഭവം നടന്നത്. തീയറ്ററിൽ ഇരിക്കുന്ന സെൽഫി കൂട്ടത്തിലൊരാൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
ആന്ധ്രപ്രദേശിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ഇവർ ഏഴ് പേരും അവധിക്ക് അപേക്ഷിക്കാതെയാണ് സിനിമ കാണൻ പോയത്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പോലീസ് സേനയിൽ വളരെയധികം തിരക്കുള്ള ദിനമായിരുന്ന ഇന്നലെയാണ് സംഭവം നടക്കുന്നത്. തീയറ്ററിൽ ഇരിക്കുന്ന പോലീസുദ്യോഗസ്ഥരുടെ ചിത്രം കണ്ട കുർണൂൽ എസ്പി കെ. ഫക്കീരപ്പ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. അനുമതിയില്ലാതെ അവധിയെടുത്ത് ഏഴുപേരും സിനിമ കാണുവാൻ പോയതാണ് ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുവാൻ കാരണമായത്.
Post Your Comments