മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും ക്രിക്കറ്റ് താരവുമാണ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ജയില്‍ ജീവിതം അനുഭവിച്ച ശ്രീശാന്ത് കളിയില്‍ നിന്നും മാറി അഭിനയ രംഗത്തേയ്ക്ക് ചുവടു വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തന്നെ ചതിച്ചതാണെന്നു വെളിപ്പെടുത്തി. സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തമിഴ്‍നാട് താരം ദിനേഷ് കാർത്തിക് ചെയ്തൊരു ചതിയെക്കുറിച്ചാണ് ശ്രീയുടെ തുറന്നുപറച്ചിൽ
സുബ്ബയ്യ പിള്ള ട്രോഫിയിൽ തമിഴ്നാടുമായുള്ള മൽസരത്തിനിടെ ദിനേഷ് കാർത്തിക്കുമായി വഴക്കിട്ടതിന്റെ പേരില്‍ ശ്രീശാന്തിന് രണ്ടു മൽസരങ്ങളിൽനിന്ന് വിലക്കു ലഭിച്ചിരുന്നു. ആ വർഷത്തെ ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ താൻ പുറത്തായതും കാർത്തിക് തനിക്കെതിരെ നൽകിയ പരാതിയുടെ പേരിലാണെന്ന് ശ്രീ വിശ്വസിക്കുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ഞാൻ എൻ.ശ്രീനിവാസനെ (ചെന്നൈ സൂപ്പർ കിങ്സ് ഉടമ) അപാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി. സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മൽസരത്തിൽ ഓരോ പന്തു നേരിടും മുൻപും കാർത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു; ‘മച്ചാൻ, നിങ്ങൾ തമിഴ്നാട്ടിലായത് ഭാഗ്യം’. അപ്പോൾ ‘ശ്…’ എന്ന് കാർത്തിക് നിശബ്ദനാകാൻ എന്നോട് ആവശ്യപ്പെട്ടു. ‘എന്ത്, പന്തു നേരിടാൻ തയാറാകൂ’ എന്നായിരുന്നു എന്റെ മറുപടി.
അടുത്ത പന്തിനുശേഷവും കാർത്തിക് ഇതുതന്നെ ആവർത്തിച്ചു. സത്യത്തിൽ സച്ചിൻ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റൻ) കുറഞ്ഞ ഓവർ നിരക്കിനു ശിക്ഷിക്കപ്പെടാൻ പോലും കാർത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാൻ ഒടുവിൽ ലെഗ്–സ്പിൻ എറിഞ്ഞാണ് കാർത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോൾ അടുത്തുടെന്ന് ഞാൻ പറഞ്ഞു; ‘ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ’. ആ മൽസരം ഞങ്ങൾ ജയിക്കുകയും ചെയ്തു. സത്യത്തിൽ എന്തിനാണ് ഞാൻ ശ്രീനിവാസൻ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ൽ ഞാൻ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൗണ്ടിയിൽ കളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാൻ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാൻ ചീത്ത വിളിക്കണം?
അന്നു വൈകിട്ടാണ് ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമിൽ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാർത്തിക്ക് എനിക്കെതിരെ നൽകിയ പരാതിയായിരുന്നു. കാർത്തിക്, ഈ വാർത്ത നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർമിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ. ”
Post Your Comments