നിയമലംഘനത്തിന്റെ പേരില്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. മൂന്നാമതൊരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുതെന്ന് ഭദ്രൻ പറയുന്നു. ഗവൺമെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനിൽപിന് വേണ്ടിയാണെന്നും ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ, അതാണ് ഏറ്റവും വലിയ കുറ്റമെന്നും ഭദ്രൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിള്‍ അദ്ദേഹം പറഞ്ഞു.
ഭദ്രന്റെ കുറിപ്പ്:
എന്റെ ഉറക്കം കെടുത്തിയ രാത്രി
വിഷയം : മരടിലെ ഫ്ലാറ്റ് പൊളിക്കൽ തന്നെ. അവിടുത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട് ചെയ്യാൻ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാർത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികൾ.
മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്. അവിടെ രോഗികൾ, പ്രായമായവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോൺ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവർ.
അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിൽ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം.
ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവൺമെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനിൽപിന് വേണ്ടിയല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇവിടുത്തെ ഒരു പൗരൻ അല്ലാതായിമാറും.’
Post Your Comments