തമിഴകത്തെ ഹിറ്റ് കൂട്ടുകെട്ടായ വിജയ്–അറ്റ്ലി ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബിഗില്‍. തെറി, മെർസൽ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകള്‍ക്ക് ശേഷം ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ബിഗിലിൽ നയൻതാരയാണ് നായിക. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചവർക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകൻ അറ്റ്ലി.
ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡിയോ ലോഞ്ചിന്റെ വേദിയിൽ പ്രദർശിപ്പിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ പ്രസംഗം. കറുത്ത ടീ ഷർട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയിൽ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് അറ്റ്ലി സംസാരിച്ചു തുടങ്ങിയത്.
അറ്റ്ലിയുടെ വാക്കുകൾ ഇങ്ങനെ– ”ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം,” അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകൾ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.
‘വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ്. മറ്റുള്ള താരങ്ങൾക്കൊപ്പവും നീ സിനിമ െചയ്യണമെന്ന് അണ്ണൻ പറയും. സത്യം പറഞ്ഞാൽ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ അണ്ണന്റെ മുഖമാണ് മനസ്സിൽ വരുന്നത്.’ ആറ്റ്ലി കൂട്ടിച്ചേര്‍ത്തു
Post Your Comments