മിമിക്രി വേദിയിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ഷാജോൺ കലാഭവന്‍ മണിയെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് താരം.
”മണി ചേട്ടൻ എന്നും സ്നേഹം നിറഞ്ഞൊരു ഓർമയാണ്. ഒരിക്കൽ മണിചേട്ടന്റെ കൂടെ എനിക്കും ധർമജനും അമേരിക്കയിൽ ഷോ ഉണ്ടായിരുന്നു. എപ്പോഴും കൂടെയൊരു വലിയ കൂട്ടവുമായിട്ടാകുമല്ലോ മണിചേട്ടൻ നടക്കുന്നത്. അമേരിക്കയിലേക്കു അവരെയെല്ലാം കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട് മണി ചേട്ടൻ ഒറ്റയ്ക്കായി പോയി. അതുകൊണ്ട് എന്റെയും ധർമജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവൻ. കുളിക്കാൻ സ്വന്തം റൂമിൽ പോകുന്നൊരു സമയമൊഴികെ മുഴുവൻ നേരവും ഞങ്ങളുടെ കൂടെ.
മണി ചേട്ടൻ സ്നേഹം കാണിക്കുന്നത് ഭയങ്കര ആവേശത്തിലാ. ഇടിയും പിച്ചും തല്ലുമൊക്കെ കാണും. ഏതോ ഒരു സമയത്ത് മണിചേട്ടൻ ധർമജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. നന്നായിട്ട് വേദനയെടുത്തപ്പോ ദേഷ്യത്തിൽ ധർമജൻ എന്തോ പറഞ്ഞു, ഞാനും ധർമജന്റെ സൈഡിൽ നിന്നു. അതൊക്കെ കേട്ടതും ചേട്ടനിറങ്ങി പുറത്തേയ്ക്ക് പോയി. കുറേനേരം കഴിഞ്ഞ് മിമിക്രി ആർടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങൾ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ ആ മനുഷ്യൻ കുഞ്ഞുകുട്ടികൾ കരയുന്നത് പോലെ കരയുന്നു. ഞങ്ങൾ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. ഇങ്ങനെ സ്നേഹിക്കുന്ന മനുഷ്യനെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണമൊന്നും അദ്ദേഹത്തെ അടുത്ത അറിയാവുന്ന ആർക്കും ആംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ മണിചേട്ടനിപ്പോഴും നൂറാണ് ആയുസ്സ്. ” വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments