
മലയാള സിനിമാ സംഗീത പ്രേമികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന ഒരുപിടി നല്ലഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ വിടപറഞ്ഞ് പോയ ഗായികയാണ് രാധിക തിലക്. നാലുവര്‍ഷം മുന്‍പ് അര്‍ബുദത്തെ തുടര്‍ന്നായിരുന്നു രാധിക മരിച്ചത്. എന്നാല്‍ രാധികയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്നും ഇതുവരെയും കുടുംബത്തിന് കരകയറാന്‍ ആയിട്ടില്ലെന്നു പറയുകയാണ് ഗായിക സുജാത.
ഒരു സ്വകാര്യ ചാനലില്‍ നടന്ന ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാധിക തിലകിന്റെ ഓര്‍മകള്‍ സുജാത പങ്കുവച്ചത്. വേണുഗോപാലിനൊപ്പം രാധിക തിലക് ആലപിച്ച ഒറ്റയാള്‍പ്പട്ടാളത്തിലെ മായാമഞ്ചലില്‍ എന്ന ഗാനം ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥികളിലൊരാള്‍ അവതരിപ്പിച്ചു. അതിന് ശേഷമായിരുന്നു സുജാത രാധികയെക്കുറിച്ച് സംസാരിച്ചത്. തന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞ് വിതുമ്ബികൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്.
‘അവള് ആഗ്രഹിച്ച രീതിയില്‍ സിനിമാമേഖലയില്‍ വളരാന്‍ കഴിഞ്ഞില്ല. പക്ഷെ, പാടിയ പാട്ടുകളിലെല്ലാം അവള് അവളുടെ കയ്യൊപ്പ് ഇട്ടിട്ടാണ് പോയത്. ഒരു ചേച്ചിയെ ഒരുപാട് ആരാധിക്കുന്ന അനിയത്തി ആയിരുന്നു. വൈകുന്നേരങ്ങളിലാണ് ഞാന്‍ അവളെ ഒരുപാട് മിസ് ചെയ്യാറുള്ളത്. വൈകുന്നേരം ഞാന്‍ ടെറസില്‍ നടക്കാന്‍ പോകാറുണ്ട്. ആറുമണി മുതില്‍ ആറര വരെ ഫോണ്‍ വിളിയാണ്. ഞങ്ങള്‍ എല്ലാം പറയും. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അവള് പറയും. ചെന്നൈയിലെ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുക്കും. വയ്യാതെ വീട്ടില്‍ ഇരിക്കേണ്ടി വന്ന സമയത്തും ഈ വര്‍ത്തമാനങ്ങള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം അതില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല,’- സുജാത പറഞ്ഞു.
Post Your Comments