മലയാളത്തിന്റെ പ്രിയ നടന് സത്താര്‍ വിടപറഞ്ഞു. തനിക്ക് പിതൃതുല്യനായ വ്യക്തിയായിരുന്നു സത്താര്‍ എന്ന് തെന്നിന്ത്യന്‍ സിനിമയിലെ യുവ നടന് സ്വരൂപ്. അച്ഛനും മകനുമായി സത്താറിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പങ്കുവച്ചു. മകന് ഉണ്ണിക്കൊപ്പം തന്നെ കാണുമ്പോള്‍ ചോദിക്കുന്നവരോടൊക്കെ തന്റെ വളര്‍ത്തുമകനാണെന്നു അദ്ദേഹം പറയുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നു സ്വരൂപ് തുറന്നു പറയുന്നു
താരത്തിന്റെ വാക്കുകള്‍
സത്താര്‍ അങ്കിള്‍ മരിച്ചുവെന്നത് ഞാന്‍ ഞെട്ടലോടെയാണ് കേട്ടത്. കന്നഡ പ്രോജക്ടിന്റെ ഭാഗമായി ബാംഗ്ലൂരില്‍ തിരക്കില്‍ ആയതിനാല്‍ വാട്സ് ആപ്പും ഓണ്‍ലൈന്‍ പത്രങ്ങളോ ശ്രദ്ധിക്കാറില്ലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് നടന് കെപി ഉമ്മര്‍ക്കയുടെ പേരമകന് ആഷിഖ് മദിരാശിയില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിഞ്ഞത്. അരമണിക്കൂറോളം ഞാന്‍ തളര്‍ന്നിരുന്നുപോയി. സിനിമയില്‍ എനിക്കടുപ്പം ഉള്ള കുറച്ചുവ്യകതികളില് വേണ്ടപ്പെട്ടയാള്‍. യഥാര്‍ത്ഥത്തില്‍ അദ്ദേഹം എനിക്കാരായിരുന്നു? ചിലസമയത്ത് പിതൃതുല്യന്‍, സുഹൃത്ത്, അധ്യാപകന് എന്ത് വേണമെങ്കിലും ആ ബന്ധത്തെ വിളിക്കാം.കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത് സ്കൈലൈന്‍ അപ്പാര്‍ട്ട്ന്റിലെ എന്റെ ഫ്ലാറ്റില്‍ വന്നു അദ്ദേഹം താമസിച്ചിരുന്നു. മദിരാശിയിലെ കെ കെ നഗറിലെ വീട്ടിലും വന്നിരുന്നു.
ഒന്നിച്ചു അച്ഛനും മകനുമായി ഉലഹം സുട്ടും വാലിബന് എന്ന ഫെസ്റ്റിവല്‍ ഫിലിമില്‍ അഭിനയിച്ചു.അദ്ദേഹത്തിന്റെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള ഫ്ലാറ്റില്‍ കൊച്ചിയില്‍ വരുമ്പോഴെല്ലാം ഞാന്‍ സന്ദര്‍ശകനായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ചെക്കപ്പിനായിപോകുമ്പോള്‍ ചിലപ്പോഴെല്ലാം ഞാനും അദ്ദേഹവും കൂടിയായിരുന്നു പോയിരുന്നത്.
എത്രയോ നല്ല നിമിഷങ്ങള്‍ എന്നെന്നും ഓര്‍ക്കാന്‍ അദ്ദേഹത്തോടൊപ്പം എനിക്കുണ്ട്. അദ്ദേഹത്തിന്റെ മകന് ഉണ്ണി ( നടന് കൃഷ് ജെ സത്താര്‍) എന്നാല്‍ ജീവനായിരുന്നു അദ്ദേഹത്തിന്. ഉണ്ണിയ്ക്കും വാപ്പയെ വലിയ കാര്യമായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു നൂറാ വിത്ത് ലൗ എന്ന സിനിമയുടെ ഡബ്ബിങ്ങിനായി ഉണ്ണി കൊച്ചിയിലെ താജ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉണ്ണിയുടെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് കൊച്ചിയിലെ ഭാര്യവീട്ടില്‍ ഉണ്ടായിരുന്ന എന്നെ അദ്ദേഹം ഫോണ്‍ ചെയ്തു താജിലേക്കു വരുത്തി. ഞാനും ഉണ്ണിയും അദ്ദേഹവും ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നെയും ഉണ്ണിയേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം തന്നെ ഫോട്ടോയും എടുത്തു. ഉണ്ണിയുടെയും സത്താര്‍ അങ്കിളിന്റെയും കൂടെ എന്നെ കാണുമ്പോള്‍ ആരാണ് പുതിയ ഒരാള്‍ ചോദിക്കുന്നവരോട് കൂടെയുള്ളത് എന്റെ മകനും വളര്‍ത്തുമകനും എന്ന് മറ്റുള്ളവരോട് പറയുന്നത് ഞാന്‍ അത്ഭുതത്തോടെയാണ് കേട്ടത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് എന്നെ വിളിക്കുക. അസമയത്ത് ഫോണ്‍ വന്നാല്‍ വാത്സല്യപൂര്‍ണ്ണമായ മോനെ എന്നുള്ള വിളി വളരെ ബഹുമാനത്തോടെ മാത്രമേ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുള്ളൂ. വളരെ സ്നേഹവും കരുതലും ഉള്ള മനുഷ്യനായിരുന്നു സത്താര്‍ അങ്കിള്‍ എന്നത് കുറച്ചുപേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.
ഭാരതിയമ്മയുടെ നുങ്കമ്പാക്കത്തുള്ള ബംഗ്ലാവില്‍ സത്താര്‍ അങ്കിള്‍ വരുമ്പോഴെല്ലാം എന്നെ അങ്ങോട്ട് വിളിക്കുമായിരുന്നു. ഭാരതിയമ്മയുടെ വീട്ടില്‍ എല്ലാവര്ക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. ഞാനും നടന് മുന്നയും സത്താര്‍ അങ്കിളും കുമരകം കുടുംബം റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം. ഭാരതിയമ്മയ്ക്ക് ഇഷ്ടപ്പെട്ട കപ്പയും ഫിഷ് കറിയും പാര്‍സല്‍ ആയി വാങ്ങി പോകുന്ന സത്താര്‍ അങ്കിള്‍ ഇനി ഓര്‍മകളില്‍ മാത്രം. വിധാതാവ് അനുവദിച്ച സമയം ഈ ഭൂമിയില്‍ അവസാനിച്ചാല്‍ ഒരു നിമിഷംപോലും ആര്‍ക്കും ഇവിടെ നില്ക്കാന് കഴിയില്ല എന്ന തിരിച്ചറിവോടെ നിറകണ്ണുകളോടെ സത്താര്‍ അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വിയോഗം താങ്ങാനുള്ള ധൈര്യം ഉണ്ണിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകട്ടെയെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
കടപ്പാട് : മാതൃഭൂമി
Post Your Comments