സിനിമാ ലോകത്ത് ഏറ്റവും അധികം ചര്‍ച്ചയായ ഒരു വിഷയമാണ് മീ ടു. ബോളിവുഡ് താര സുന്ദരിമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ മുഴക്കങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്. പ്രശസ്ത സംവിധായകന്‍ സുഭാഷ് കപൂറിനെതിരെയുള്ള ലൈംഗിക ആരോപണം ബോളിവുഡിനെ പിടിച്ചു കുലുക്കിയതായിരുന്നു. ആരോപണം ചൂടു പിടിച്ചതോടെ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര രംഗത്തുള്ളവര്‍ സുഭാഷ് കപൂറുമായി സഹകരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. അതേതുടര്‍ന്ന് സുഭാഷിന്റെ മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്ന് താനും ഭാര്യ കിരണ്‍ റാവുവും പിന്മാറുന്നതായി ആമിര്‍ ഖാന്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകനൊപ്പം സിനിമ ചെയ്യുമെന്നറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആമിര്‍ ഖാന്‍.
അമീറിന്റെ തീരുമാനം എത്തിയ ഉടന്‍ തന്നെ വിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്ത് വന്നു. പ്രശസ്തിയ്ക്ക് വേണ്ടിയാണ് ആമിര്‍ ആദ്യം ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നായിരുന്നു വിമര്‍ശനം. ‘ഞാനും കിരണുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്, അതില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ഈ ചിത്രത്തിനെ പറ്റി ആലോചിച്ച് തുടങ്ങുന്ന സമയത്ത് സുഭാഷ് കപൂറിനെതിരെ ഒരു കേസുള്ള കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എനിക്ക് തോന്നുന്നു ഇത് അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ള കേസാണ്. കഴിഞ്ഞ വര്‍ഷം, മീ ടൂ ആരോപണത്തിന്റെ സമയത്ത് ഈ കേസിനെ കുറിച്ച് പരാമര്‍ശം വന്നു. അപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്. ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ആരോപണം സുഭാഷ് കപൂര്‍ നിഷേധിക്കുകയായിരുന്നു. ജോലിസ്ഥലത്ത് ലൈംഗിക അതിക്രമത്തെ കുറിച്ച് ലഭിച്ച ഒരു കേസായിരുന്നില്ല ഇത്.
അത്തരമൊരു കേസ് ഉണ്ടായിരുന്നെങ്കില്‍, അത് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലേക്ക് പോകുമായിരുന്നു, കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ ഐ.സി.സി കേസില്‍ വിധി പറയുമായിരുന്നു. എന്നിരുന്നാലും, ഈ വിഷയം ഒരു കോടതിയുടെ പരിധിയിലായിരുന്നു. കോടതികള്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് അറിയാന്‍ സാധിച്ചത്.ലൈംഗിക അതിക്രമത്തോട് കിരണിനും എനിക്കും സഹിഷ്ണുതയില്ല. അതേസമയം ഐ.സി.സി വിധി, അല്ലെങ്കില്‍ കോടതി വിധി ഇല്ലാതെ അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് ഞങ്ങള്‍ എങ്ങനെ തീരുമാനിക്കും? ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. നാം ആരെയാണ് വിശ്വസിക്കേണ്ടത്? വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു അത്, സിനിമയില്‍ നിന്ന് സ്വയം അകലം പാലിക്കാന്‍ ഞങ്ങള്‍ എടുത്ത തീരുമാനം.” ആമിര്‍ പറഞ്ഞു.
Post Your Comments