നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള നടന്‍; താരം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒൻപത് വർഷങ്ങൾ

നാടകകൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആര്‍.എസ്‌. കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്‌

മലയാളന്റെ വിഷാദ കാമുകന്‍, നടന്‍ വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. താരത്തിന്റെ ഓര്‍മ്മ ദിനത്തില്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച കലാകാരനെക്കുറിച്ച് ഫെഫ്കയുടെ കുറിപ്പ്

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച കലാകാരനായിരുന്നു വേണു നാഗവള്ളി. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകൾക്കും ആർട്ട്‌ സിനിമകൾക്കും ഇടയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒൻപത് വർഷങ്ങൾ തികയുന്നു. വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓർമ്മകൾക്ക് മുൻപിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.

നാടകകൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന നാഗവള്ളി ആര്‍.എസ്‌. കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്‌. ആകാശവാണിയില്‍ അനൗണ്‍സര്‍ ആയാണ്‌ വേണു നാഗവള്ളിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1978 ൽ ഉള്‍ക്കടല്‍ എന്ന ജോര്‍ജ്‌ ഓണക്കൂറിന്റെ നോവല്‍ കെ.ജി. ജോര്‍ജ് ചലച്ചിത്രമാക്കിയപ്പോള്‍ രാഹുലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. ശാലിനി എന്റെ കൂട്ടുകാരി, ഒരു സ്വകാര്യം, മീനമാസത്തിലെ സൂര്യന്‍, പക്ഷേ, ചില്ല്‌ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേണു നാഗവള്ളി വേഷമിട്ടു. യവനിക, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്. വിഷാദഭാവമുള്ള കാമുകവേഷങ്ങളാണ്‌ വേണു നാഗവള്ളിയെ ശ്രദ്ധേയനാക്കിയത്‌.എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്‌ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായി. തുടര്‍ന്ന്‌ ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്‌, ദൈവത്തെ ഓര്‍ത്ത്‌, അര്‍ഥം, അഹം, കിലുക്കം, വിഷ്‌ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായ കിലുക്കത്തിന്റെ തിരക്കഥ വേണുവിന്റേതാണെന്ന് സിനിമാ പ്രേമികള്‍ അല്‍പം ആശ്ചര്യത്തോടെയാണ് ഇന്നും കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന നര്‍മബോധം അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയുടെ തെളിവാകുന്നു.1986 ല്‍ സുഖമോ ദേവി എന്ന ചിത്രത്തിലൂടെ വേണു നാഗവള്ളി സംവിധായകന്റെ തൊപ്പിയണിഞ്ഞു. സര്‍വകലാശാല, ലാല്‍ സലാം, ഏയ്‌ ഓട്ടോ, അഗ്നിദേവന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളിലൂടെ വേണു നാഗവള്ളി തന്റെ സംവിധാന പ്രതിഭ തെളിയിച്ചിട്ടുണ്ട്‌. 2009ല്‍ പുറത്തിറങ്ങിയ ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന സിനിമയാണ്‌ അവസാന സിനിമ സംരംഭം. ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത്‌ അദ്ദേഹമായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.

മലയാളിത്തമുള്ള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 12 മലയാളചലച്ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും,10ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി രചന നിര്‍വഹിക്കുകയും ചെയ്തു. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നിവ സംവിധാനം ചെയ്തതും മീനമാസത്തിലെ സൂര്യനിൽ മഠത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹത്തിനു കമ്യൂണിസ്റ്റ് പരിവേഷവും പ്രേക്ഷകർ ചാർത്തി നൽകി. സുഖമോ ദേവി മുതൽ ഭാര്യ സ്വന്തം സുഹൃത്ത് വരെയുള്ള ചിത്രങ്ങളിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആദർശബദ്ധമായ ജീവിതവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും ആ പ്രതിഭ ഒരുപോലെ നിറഞ്ഞാടി. അഭിനയിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത ചിത്രങ്ങളും മലയാളി പ്രേക്ഷകര്‍ സ്‌നേഹപൂര്‍വ്വം നെഞ്ചേറ്റി. ആ യഥാര്‍ത്ഥ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒൻപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.

നായക സങ്കല്‍പ്പങ്ങള്‍ക്ക് നിയതമായൊരു ഘടന നിലനിന്ന കാലത്തായിരുന്നു വേണു നാഗവള്ളിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. ആ സങ്കല്‍പ്പങ്ങളെയൊക്കെ പതിയെ പൊളിച്ചെഴുതുകയായിരുന്നു പിന്നീട് വേണു നാഗവള്ളി. ഉള്‍ക്കടലിന്റെ അഭിനയ ആഴങ്ങളിലൂടെ വന്ന് മലയാളി ഹൃദയങ്ങള്‍ വേണു കൈയ്യടക്കി. ഹിമശൈലസൈകത ഭൂമിയില്‍ നിന്നും വന്നവന്‍ മലയാള സിനിമയുടെ പ്രകാശമായി മാറുകയായിരുന്നു. പുഴയിലേക്ക് ചാഞ്ഞ മരത്തില്‍ ചാരിക്കിടന്ന് ഒരു വട്ടംകൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹമെന്ന് ചൊല്ലിയ നായകന്‍ മലയാളത്തിലെ നഷ്ടബോധ കാമുകന്റെ പ്രതീകമായി മാറി. അന്ന് ഓരോ കാമുക ഹൃദയങ്ങളും വേണുവിലേക്ക് സ്വയം പരകായ പ്രവേശം ചെയ്ത് പ്രണയാര്‍ദ്രമായി തീരാന്‍ കൊതിച്ചു. അത്രമേല്‍ കാമുക ഹൃദയങ്ങളെ സ്വാധീനിക്കുന്നവയായിരുന്നു ആ വിഷാദം തുളുമ്പുന്ന കണ്ണുകളും സൗമ്യ പ്രകൃതവും എല്ലാം. ശാലിനി എന്റെ കൂട്ടുകാരി, ചില്ല്, അര്‍ച്ചന ടീച്ചര്‍, മീനമാസത്തിലെ സൂര്യന്‍ തുടങ്ങി ചിത്രങ്ങളിലെ വേണുവിന്റെ നായക കഥാപാത്രങ്ങള്‍ തങ്ങള്‍ തന്നെയെന്ന് സങ്കല്‍പ്പിച്ച് ഓരോ യൗവ്വനങ്ങളും സ്വപ്നസഞ്ചാരികളായി. നീണ്ട മുടിയും വിഷാദഭാവമുള്ള കണ്ണുകളുമുള്ള തന്റെ ആദ്യകാല കഥാപാത്രങ്ങളുടെ വേഷവും ശരീരഭാഷയും മലയാളികളുടെ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരുടെ മനസ്സിൽ നാഗവള്ളിക്ക് വിഷാദ കാമുകന്റെയും പരിശുദ്ധ പ്രണയിയുടെയും പ്രതിഛായ നേടിക്കൊടുത്തു.

2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു. വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സിനിമയില്‍ സര്‍ഗാത്മകതയുടെ നിത്യശോഭ പുതിയ തലമുറക്കായി കരുതിവെച്ച ഉജ്ജ്വല കലാകാരനായിരുന്നു വേണു നാഗവള്ളി.

Share
Leave a Comment