CinemaFilm ArticlesGeneralMollywoodNEWSUncategorized

ഇന്ത്യന്‍ സിനിമയുടെ പൗരുഷത്തിന് അറുപത്തിയെട്ടിന്‍റെ പിറന്നാള്‍ ചിരി!

ഐവി ശശി, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിപണന മൂല്യമുള്ള താരനടനായി വളര്‍ന്ന മമ്മൂട്ടി ഹരിഹരന്‍ എംടി ടീമിന്‍റെ ചിത്രങ്ങളില്‍ ചരിത്ര നായകനായും അഭിനയത്തിന്‍റെ ഇന്ദ്രജാലം തീര്‍ത്തു

അഭിനയ തികവില്‍ ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമായ ചില പേരുകളുണ്ട്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അടയാളപ്പെടുന്നതും ആ പേരുകളുടെ ലിസ്റ്റിലാണ്. മുഹമ്മദ്‌ കുട്ടിയെന്ന മമ്മൂട്ടി  മലയാള സിനിമയുടെ മര്‍മ്മമായി മാറുന്നത് എണ്‍പതുകളുടെ സിനിമാ കാലഘട്ടത്തിലാണ്. സൂപ്പര്‍ താര ഇമേജില്‍ തിളങ്ങി നിന്ന സോമനും, സുകുമാരനും ശേഷം  സൂപ്പര്‍ നായകനായും സൂപ്പര്‍ താരമായും മമ്മൂട്ടി മലയാള സിനിമയുടെ നെടുംതൂണായി. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നായക തുല്യമായ കഥാപാത്രത്തിലേക്ക് ഉയരുന്നത്. സൂപ്പര്‍ താരമായ സുകുമാരനൊപ്പം സ്ക്രീന്‍ പ്രസന്‍സില്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ആദ്യ നായക തുല്യ വേഷം മമ്മൂട്ടി മനോഹരമാക്കിയത്!. പിന്നീട് ശ്രീകുമാരന്‍ തമ്പിയുടെ ‘മുന്നേറ്റം’ എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹം തുടക്കം കുറിച്ചു.

തന്നിലെ അഭിനയ  പരിമിധിയെ കൃത്യമായി  നിരീക്ഷിച്ച് അതിനെ അടിവേരോടെ പിഴുതെറിഞ്ഞ മമ്മൂട്ടി നല്ല നായകനെന്ന ഇമേജും, അതിലുപരി നല്ല നടനെന്ന ഇമേജും കാത്തുസൂക്ഷിച്ചു. ‘കൂടെവിടെ’ എന്ന പത്മരാജന്‍ ചിത്രത്തിലെത്തിയപ്പോഴേക്കും മമ്മൂട്ടി തന്റെ അഭിനയ പരിമിധികളെ  പൂര്‍ണമായും മറികടന്നു. തന്നിലെ ആക്ടിംഗില്‍  നിന്ന് വരാനിരിക്കുന്ന അഭിനയ നിറവിന്റെ ഒരു ചെറിയ തുടക്കം മാത്രമായിരുന്നു ‘കൂടെവിടെ’യിലെ ക്യാപ്റ്റന്‍ തോമസ്‌. മമ്മൂട്ടിക്ക് സൂപ്പര്‍താര പരിവേഷം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ‘നിറക്കൂട്ട്‌’. സൗണ്ട് മോഡുലേഷന്റെ പെര്‍ഫക്ഷനില്‍ അത്ഭുതമായ മലയാളത്തിന്റെ അതുല്യ താരത്തെ പ്രേക്ഷകര്‍ പിന്നീട് താരസിംഹാസനത്തിലേക്ക് കുടിയിരുത്തി.

ഐവി ശശി, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ വിപണന മൂല്യമുള്ള താരനടനായി വളര്‍ന്ന മമ്മൂട്ടി ഹരിഹരന്‍-എംടി ടീമിന്‍റെ ചിത്രങ്ങളില്‍ ചരിത്ര നായകനായും അഭിനയത്തിന്‍റെ ഇന്ദ്രജാലം തീര്‍ത്തു. ആക്ഷന്‍ സിനിമകളില്‍ സിംഹ ഗര്‍ജ്ജന മുഴക്കി നിറഞ്ഞു നിന്ന മമ്മൂട്ടി നിരവധി  പോലീസ് കഥാപാത്രങ്ങളെയും സ്ക്രീനില്‍ കരുത്തുറ്റതാക്കി!. അനുബന്ധവും, അമരവും ചെയ്ത അതേ മമ്മൂട്ടി  ആവനാഴിയും, അതിരാത്രവും ചെയ്തപ്പോള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിച്ച പേരാണ് ‘സൂപ്പര്‍ സ്റ്റാര്‍’ എന്നത്. ‘സംഘം’ പോലെയുള്ള ഇടി ചിത്രങ്ങളും ‘പപ്പയുടെ സ്വന്തം അപ്പൂസ്’ പോലെയുള്ള ഇമോഷണല്‍ ചിത്രങ്ങളും മമ്മൂട്ടിയിലെ നടന്റെ അഭിനയ വീര്യം വരച്ചു കാട്ടി. ‘ന്യൂഡല്‍ഹി’ക്ക് മുന്‍പേയുള്ള തുടര്‍പരാജയങ്ങള്‍ക്ക് ആ  ഒറ്റ സിനിമയുടെ വിജയം കൊണ്ട് താരപദവി തിരിച്ചു പിടിച്ച നായകന്‍ വീണ്ടും മലയാളത്തിന്‍റെ സൂപ്പര്‍ താരമായി.

ഒരു ഇന്ത്യന്‍ ആക്ടര്‍ എന്ന നിലയിലും മമ്മൂട്ടി തന്‍റെ പ്രൊഫൈല്‍ കാത്തു സൂക്ഷിച്ചപ്പോള്‍ മലയാളികള്‍ക്കും അത് അഭിമാനത്തിന്റെ അപൂര്‍വ്വ നിമിഷമായി. തെലുങ്കും, തമിഴും, കന്നഡയും മമ്മൂട്ടിയിലെ നടനെ കൈയ്യടിച്ച് സ്വീകരിച്ചപ്പോഴും മമ്മൂട്ടി നല്ല മലയാള ചിത്രങ്ങള്‍ക്കൊപ്പം സ്വാഭാവിക അഭിനയ സിദ്ധിയോടെ പ്രകാശിച്ചു നിന്നു. ‘ഡോക്ടര്‍ അംബേദ്‌കര്‍’ എന്ന ഇതിഹാസ ചിത്രത്തിലൂടെ ഹോളിവുഡും മമ്മൂട്ടിയുടെ മാസ്മരിക പ്രകടനത്തില്‍ ഞെട്ടിത്തരിച്ചു. ‘കോട്ടയം കുഞ്ഞച്ചന്‍’  പോലെയുള്ള മെഗാ ഹിറ്റ് ചിത്രങ്ങളിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന തെളിയിച്ച മമ്മൂട്ടി കരയിപ്പിക്കാനും, ചിരിപ്പിക്കാനും കഴിയുന്ന കരുത്തുള്ള നടനായി വളര്‍ന്നു.

പരിമിധികള്‍ സ്വയം മനസിലാക്കി ഉയര്‍ന്നു വന്ന മമ്മൂട്ടി പുതിയ പിള്ളേര്‍ക്കൊപ്പം ചേര്‍ന്ന് നിന്നാണ് സമീപകാലത്ത് ഇറങ്ങിയ ‘ഉണ്ട’ എന്ന ചിത്രം ചെയ്തത്. രണ്ടായിരം കാലഘട്ടത്തില്‍ നല്ല  സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മിടുക്ക് കാട്ടാതെ പോയ താരം നിരവധി നിലാവരം പൊത്തിയ സിനിമകളിലും നായകനായി. പക്ഷെ പരീക്ഷണ ചിത്രങ്ങള്‍ സ്വയം പരീക്ഷിക്കാന്‍ തയ്യാറാകുന്ന ഒരേയൊരു ‘സൂപ്പര്‍ സ്റ്റാര്‍’ ആണ് മമ്മൂട്ടി എന്നതും പ്രശംസനീയമാണ്. ഒരു പ്രമുഖ തിരക്കഥാകൃത്ത് ഒരു അഭിമുഖ പരിപാടിയില്‍ പറഞ്ഞത് ‘എവിടെയെങ്കിലും നല്ലൊരു തിരക്കഥയുണ്ടെന്നു മനസ്സിലായാല്‍ അത് തേടിപിടിച്ച് കണ്ടെത്തി സ്വയം പരീക്ഷിക്കാന്‍ തയ്യാറാകുന്ന നടനാണ് മമ്മൂട്ടി എന്നായിരുന്നു’.

താരാരാധന പോലെ താരസൗന്ദര്യവും മമ്മൂട്ടി എന്ന നടനില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, ഒരു നടന് വേണ്ടുന്ന ആകാരഭംഗി തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഹീറോയിസം. ഗ്ലാമര്‍ കൊണ്ടും അഭിനയം കൊണ്ടും  സിനിമയില്‍ ഗ്ലാമറായ ഇന്ത്യന്‍ സിനിമയുടെ വല്യേട്ട പൗരുഷത്തിന് അറുപത്തിയെട്ട് വയസ്സുകള്‍ പിന്നിടുമ്പോള്‍ മഹാ അഭിനയത്തിന്റെ പുതിയ പുതിയ അത്ഭുതങ്ങള്‍ നമുക്ക് ഇനിയും ദര്‍ശിക്കാം..

 

 

shortlink

Related Articles

Post Your Comments


Back to top button