ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ചിത്രമാണ് ഐവി ശശി സംവിധാനം ചെയ്ത ‘ദേവാസുരം’. മോഹന്‍ലാലിന്റെ നീലകണ്ഠനെ പ്രേക്ഷകര്‍ ആഘോഷമാക്കിയ ‘ദേവാസുരം’ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയമായി മാറിയിരുന്നു, എന്നാല്‍ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം ചില നിര്‍മ്മാതാക്കള്‍ ഈ സിനിമയുടെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി രഞ്ജിത്ത് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘മദിരാശിയിലെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ പ്രമുഖരായ ചില നിര്‍മ്മാതാക്കള്‍ സിനിമയുടെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ലാല്‍ അപ്പോഴും കൂള്‍ ആയിരുന്നു. മോഹന്‍ലാലിന്റെ നായകന് പാതി ആയപ്പോഴേ വീണുപോയി എന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നുവെങ്കില്‍ കഥ മാറിയേനെ. യാതൊരു മുന്‍ധാരണകളുമില്ലാതെ പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ സ്വീകരിച്ചു. ദേവനും അസുരനും ചേര്‍ന്ന നീലകണ്ഠന് ഹീറോയിസത്തിന്റെ പുതിയൊരു അവതാരമായി മാറി. നമ്മള് എഴുതിയതിനും സങ്കല്പ്പിച്ചതിനും അപ്പുറത്തെ വേറൊരു തലത്തിലേക്ക് പ്രേക്ഷകര്‍ ഈ സിനിമയെ വ്യാഖാനിച്ചു. നീലകണ്ഠന് ഭാനുമതിയോട് ദ്രോഹം ചെയ്യുന്നത് ശാരീരികമായ ആക്രമണത്തിലൂടെയായിരുന്നുവെങ്കില് അത് ക്ലീഷേ ആയിപ്പോയേനെ. പക്ഷെ അത് പോലെയല്ല പ്രൊഫഷനല്‍ ആയ ഉയരങ്ങള്‍ ആഗ്രഹിക്കുന്ന ഭാനുമതിയെ പോലൊരു കലാകാരിയെ മാനസികമായി തകര്‍ത്തു കളയുന്നത്. ശാരീരിക ആക്രമണത്തേക്കാള്‍ ക്രൂരമായാണ് അയാള്‍ അവളോട് ചെയ്യുന്നത്. ‘ദേവാസുരം’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് പറയുന്നു.
Post Your Comments