ശക്തമായ മഴയില്‍ ദുരിതത്തിലായവരെ സഹായിച്ച് ഒരേ മനസ്സോടെ കേരളം അതിജീവനത്തിനായി പ്രയത്നിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്തും ഈ പ്രളയകാലത്തും നിരവധി സഹായങ്ങള്‍ ചെയ്ത് രംഗത്തുണ്ടായിരുന്ന നടന്മാരില്‍ ഒരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ പ്രളയ സമയത്തെ ഒരുമ അതിനു ശേഷവും നിലനില്‍ക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുകയാണ് ധര്‍മ്മജന്‍. പ്രളയ കാലത്തെ സ്നേഹത്തെയും ഒത്തൊരുമയും കുടിയന്മാരുടെ മനസ്സിനോടാണ് ധര്‍മ്മജന്‍ പറയുന്നത്. കാരണം വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ പഴയത് ഒന്നും ആരും ഓര്‍ക്കാറില്ലെന്നു താരം പറയുന്നു.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്മ്മജന്റെ വാക്കുകള്‍ ഇങ്ങനെ.. ”പ്രളയം വരുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങൾ മാറും. രാഷ്ട്രീയക്കാർ തമ്മിലടി, മതങ്ങൾ തമ്മിലടി, മതങ്ങൾക്കുള്ളിൽ ജാതികൾ തമ്മിലടി ഒക്കെ തിരിച്ചു വരും. അവൻ നായര്, ഇവൻ ഈഴവൻ, മറ്റവൻ പുലയൻ എന്നൊക്കെ വീണ്ടും ചേരിതിരിക്കും. പ്രളയം വരുമ്പോൾ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ് സ്നേഹമാണ് എന്നൊക്കെ പറഞ്ഞാലും വീണ്ടും പഴയതിലേക്കു തന്നെയല്ലേ മടങ്ങുക. അതു ശരിക്കും സങ്കടമാണ്. കുടിയൻമാരുടെ വെള്ളമിറങ്ങുന്നതു പോലെയാണിതും. മഴവെള്ളം ഇറങ്ങിക്കഴിയുമ്പോൾ പഴയതൊന്നും ഓർമ കാണില്ല. അതാണ് തമാശ. വെള്ളം ഉള്ള സമയത്ത് ചെയ്തതൊന്നും മനസ്സിൻ നിന്നു മാഞ്ഞു പോയതു പോലെയാണ്’’
പ്രളയം കഴിയുമ്പോൾ വീണ്ടും പഴയ പോലെ തമ്മിൽ തല്ലിയിട്ട് എന്താണ് ഗുണമെന്നും താരം ചോദിക്കുന്നു. ” തമ്മിൽ തല്ലിയിട്ടും കൊന്നിട്ടും എന്തു നേടാൻ. ചെറുതായൊന്നു ചിന്തിച്ചാൽ പോലും വലിയ മാറ്റം വരില്ലേ. ഈ ചേരി തിരിവിന്റെയൊക്കെ കഴമ്പില്ലായ്മ മനസ്സിലാക്കാൻ ഇതു പോലെ ഒരു പ്രളയം മതിയല്ലോ. അതു തിരിച്ചറിയാത്തതെന്താ. പക്ഷേ എനിക്കുറപ്പില്ല, പഠിക്കില്ല. മലയാളിയായതു കൊണ്ട് ഒന്നും പറയാനാകില്ല. കുറേ പേരെങ്കിലും ഈ നൻമ മനസ്സിൽ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാം. അവരെങ്കിലും തിരികെ പഴയതിലേക്കു പോകാതിരിക്കട്ടെ” ധര്‍മ്മജന്‍ പറഞ്ഞു
Post Your Comments